ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ | Kerala Sadya to be Served on Alternate Days for Pilgrims at Sabarimala | Kerala
Last Updated:
മാലിന്യ സംസ്കരണ പ്രശ്നം ഒഴിവാക്കുന്നതിനായി ഇലയ്ക്ക് പകരം സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത്
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അന്നദാനത്തിൽ തീർത്ഥാടകർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യ നൽകാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ഇനിമുതൽ ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ എന്ന ക്രമത്തിലായിരിക്കും അന്നദാനം ക്രമീകരിക്കുക.
നിയമപരമായ പ്രശ്നങ്ങൾ പഠിക്കാനായി ദേവസ്വം കമ്മിഷണർ അധ്യക്ഷനായ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് ഇന്നലെ ചേർന്ന ബോർഡ് യോഗം സദ്യയുടെ വിഭവങ്ങൾ അന്തിമമായി നിശ്ചയിച്ചത്. സദ്യയിൽ ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ എന്നിവയ്‌ക്കൊപ്പം പപ്പടവും പായസവും ഉൾപ്പെടെ ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയായിരിക്കും സദ്യ വിളമ്പുക.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ സദ്യ നൽകാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള കാലതാമസവും, സാധനങ്ങൾ വാങ്ങുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസവും കാരണം പദ്ധതി വൈകുകയായിരുന്നു. നിലവിലുള്ള ടെൻഡർ ഉപയോഗിച്ചുതന്നെ സാധനങ്ങൾ വാങ്ങുന്നതിന് നിയമപ്രശ്നമില്ലെന്ന് ദേവസ്വം കമ്മിഷണർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കുറഞ്ഞത് മൂന്ന് ദിവസത്തിനുള്ളിൽ സദ്യ നൽകിത്തുടങ്ങാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചത്. ഇന്നലെ മുതൽ നടപടികൾ ആരംഭിച്ചു. സദ്യയ്ക്ക് ആവശ്യമായ അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം കമ്മിഷണറെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണ പ്രശ്നം ഒഴിവാക്കുന്നതിനായി ഇലയ്ക്ക് പകരം സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത്. ദേവസ്വം ബോർഡിന്റെ അന്നദാന ഫണ്ടിൽ നിലവിൽ ഒമ്പത് കോടി രൂപയുണ്ടെന്നും, അതിനാൽ സദ്യയ്ക്ക് ബുദ്ധിമുട്ടില്ലെന്നും കെ. ജയകുമാർ കൂട്ടിച്ചേർത്തു.
Pathanamthitta,Kerala
December 06, 2025 9:54 AM IST
