നടിയെ ആക്രമിച്ച കേസിലെ വിധി ആശ്വാസകരമെന്ന് വിഡി സതീശന്‍;തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ് | Opposition Leader V D Satheesan Welcomes Court Verdict in Actress Assault Case | Kerala
Last Updated:
ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടിരുന്ന നടൻ ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടപ്പോൾ, കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ. പ്രതികരിച്ചു. കേസിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ ആറ് വരെയുള്ള പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടിരുന്ന നടൻ ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്.
ഒരു സ്ത്രീക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും, അതിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നതിൽ സന്തോഷമുണ്ടെന്നും വി.ഡി. സതീശൻ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കര എം.എൽ.എ. ആയിരുന്ന പി.ടി. തോമസിന്റെ ഇടപെടലാണ് കേസ് ഈ പരിസമാപ്തിയിലേക്ക് എത്തുന്നതിൽ നിർണ്ണായകമായതെന്നും, പ്രതികൾ ഒരുതരത്തിലും രക്ഷപ്പെടരുത് എന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഈ അവസരത്തിൽ അദ്ദേഹത്തെ പ്രത്യേകം ഓർക്കുന്നുവെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ സ്ത്രീ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തേണ്ടതുണ്ട്. പരാതിയുമായി വരുന്ന സ്ത്രീക്ക് നീതി ഉറപ്പാക്കാൻ നിലവിലെ സംവിധാനം പോരാ എന്നും അത് മെച്ചപ്പെടുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. വിധിന്യായത്തിൻ്റെ പകർപ്പ് പുറത്തുവരാതെ പ്രോസിക്യൂഷൻ വീഴ്ച സംബന്ധിച്ച് പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കോടതി വിധി തൃപ്തികരമല്ലെന്ന് പറഞ്ഞ കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ. കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് ആരോപിച്ചു. ഗൂഢാലോചന ഭാഗം തെളിയിക്കാൻ കഴിയാതെ പോയത് കേസ് അന്വേഷിച്ച പോലീസിന്റെയും കോടതിയിൽ കേസ് അവതരിപ്പിച്ച പ്രോസിക്യൂഷൻ്റെയും പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
December 08, 2025 3:27 PM IST
