‘സര്‍ക്കാര്‍ എന്നും അതിജീവിതയ്ക്കൊപ്പം; വിധി പഠിച്ചശേഷം തുടര്‍നടപടി’; മന്ത്രി സജി ചെറിയാൻ government is always with the survivor further action will be taken after studying the verdict says Minister Saji Cherian | Kerala
Last Updated:
കോടതി വിധിയിലെ പരാമർശങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാനാകു എന്നും മന്ത്രി
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയോട് പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സർക്കാർ അന്നും ഇന്നും എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും കോടതി വിധി വിശദമായി പഠിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോടതി വിധിയിലെ പരാമർശങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാനാകു. മേൽകോടതിയിലേക്ക് പോകുന്ന കാര്യത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നും ഇത്തരം കാര്യങ്ങളിൽ കര്‍ശനമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ കേസ് ആദ്യം വന്നപ്പോൾത്തന്നെ എത്ര ഉന്നതനായാലും നിയമത്തിന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന നിലപാടാണ് സര്‍ക്കാർ സ്വീകരച്ചത്. ഒരു സിനിമ നയം തന്നെ സര്‍ക്കാര്‍ രൂപീകരിച്ചു. സര്‍ക്കാരിന്റെ നിലപാടിൽ നിന്ന് പിന്നോട്ടു പോകില്ലെന്നും മന്ത്രി പറഞ്ഞു
കേസിൽ എട്ടാം പ്രതിയായ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിനെത്തുടർന്നാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ഒന്നു മുതൽ ആറുവരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. എഴു മുതൽ പത്തു വരെയുള്ള പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. ഒന്നു മുതൽ ആറുവരെയുള്ള പ്രതികളുടെ മേൽ ആരോപിച്ച കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
Thiruvananthapuram,Kerala
December 08, 2025 1:31 PM IST
