‘എന്നും അതിജീവിതക്കൊപ്പം; നീതി കിട്ടണം; കോടതി വിധി മാനിക്കുന്നു’: ആസിഫ് അലി| Actor Asif Ali Reacts to Court Verdict in Actress Assault Case | Kerala
Last Updated:
‘അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നുള്ളതാണ്. ആരും ശിക്ഷിക്കപ്പെടണം എന്നുള്ളതിലല്ല. എന്റെ സഹപ്രവര്‍ത്തകയാണ്. അതിലും അടുത്ത സുഹൃത്താണ്’
തൊടുപുഴ: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി നടൻ ആസിഫ് അലി. കോടതി വിധിയെ മാനിക്കുന്നുവെന്നും അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും ആസിഫ് അലി പറഞ്ഞു. എന്നും അതിജീവിതയ്ക്ക് ഒപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആസിഫ് അലി.
കോടതി വിധിയെ കുറിച്ച് അഭിപ്രായം പറയുന്നതില്‍ എത്രമാത്രം പ്രസക്തിയുണ്ടെന്നറിയില്ല. കോടതി വിധി സ്വീകരിക്കുക എന്നുള്ളതാണ്. കോടതി വിധി മാനിക്കുന്നു. അതിനെ കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയായിട്ടാണ് തോന്നുന്നത്. ശിക്ഷിക്കപ്പെടണമെന്ന് കോടതി മനസിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഏത് സമയത്തും അതിജീവിതയ്ക്ക് ഒപ്പമാണ്. ശിക്ഷയെ കുറിച്ചും വിധിയെ കുറിച്ചുമൊന്നും അഭിപ്രായം പറയാനുള്ള ആളല്ല ഞാന്‍. എല്ലാവരും വളരെ കരുതലോടെ പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്ന വിഷയമാണ്. വ്യാഖ്യാനിക്കപ്പെടാന്‍ ഒരുപാട് സാധ്യതകളുള്ള വിഷയമാണ്. പറയുന്നത് വളരെ മനസിലാക്കി കൃത്യതയോടെ പറയണം. പല സമയത്തും പല അഭിപ്രായങ്ങള്‍ പറഞ്ഞത് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ ആക്രമണങ്ങളിലേക്കൊക്കെ പോയിട്ടുണ്ട്. എന്താണോ പറയാനുള്ളത് അത് കൃത്യമായി മനസിലാക്കി ക്ലാരിറ്റിയോടെ പറയുക എന്നുള്ളതാണ്’- ആസിഫ് വ്യക്തമാക്കി.
ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആരോപിതനായ സമയത്ത് അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ടെങ്കില്‍ ഇത്തരത്തിലൊരു കോടതി വിധി വരുമ്പോള്‍ അതിനെ വേണ്ട രീതിയില്‍ തന്നെ കൈകാര്യം ചെയ്യുക എന്നതല്ലേ സംഘടനകള്‍ ചെയ്യേണ്ടത്. ഏകപക്ഷീയമായ തീരുമാനം ആര്‍ക്കെതിരെയും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നുള്ളതാണ്. ആരും ശിക്ഷിക്കപ്പെടണം എന്നുള്ളതിലല്ല. എന്റെ സഹപ്രവര്‍ത്തകയാണ്. അതിലും അടുത്ത സുഹൃത്താണ്. അവര്‍ക്ക് അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് എന്ത് പകരം കൊടുത്താലും മതിയാകില്ല. കൃത്യമായ നീതി ലഭിക്കണം എന്നുള്ളതാണ്. വിധിയെ കുറിച്ച് ഒരു അഭിപ്രായം പറഞ്ഞാല്‍ കോടതി നിന്ദയായിപ്പോകും’ – ആസിഫ് അലി പറഞ്ഞു.
Thodupuzha,Idukki,Kerala
December 09, 2025 11:06 AM IST
