Leading News Portal in Kerala

ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ നാട്ടിലെത്തിയ യുവതി ബൈക്ക് KSRTC ബസിൽ ഇടിച്ചു മരിച്ചു|Woman Killed After Bike Collides with Bus While Returning Home for Wedding Anniversary | Kerala


Last Updated:

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മെറീനയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു

News18
News18

ആലപ്പുഴ: അമ്പലപ്പുഴയിൽ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് യുവതി മരിച്ചു. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ സ്വദേശിനി മെറീന (24) ആണ് മരിച്ചത്. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനായി കൊച്ചിയിലെ ജോലിസ്ഥലത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കോളമംഗലം ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ചായിരുന്നു അപകടം.

എറണാകുളം അമൃതാനന്ദമയി ആശുപത്രിയിലെ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മെറീന. കൊച്ചിയിൽനിന്ന് ട്രെയിനിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ മെറീനയെ കൂട്ടാൻ ഭർത്താവ് ഷാനോ സ്റ്റേഷനിലെത്തിയിരുന്നു. തുടർന്ന് ഇരുവരും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മെറീനയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മെറീന മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഷാനോയെ ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ എടത്വാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.