മുൻകൂർ ജാമ്യം വസ്തുതകൾ പരിഗണിക്കാതെ; മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ സര്‍ക്കാര്‍ ഹൈക്കോടതിയിൽ| Kerala Government Appeals in High Court Against Anticipatory Bail in Second Case Against Rahul Mamkootathil | Kerala
Last Updated:
യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചത്
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് വസ്തുതകൾ പരിഗണിക്കാതെയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം, രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നതാണ് പ്രോസിക്യൂഷന് പ്രധാനമായും അപ്പീലില്‍ ഉന്നയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി ഹൈക്കോടതി പരിഗണനയിലാണ്. പ്രതി സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു.
യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ ബലാത്സംഗ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാൻ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ല. പരാതി നൽകുന്നതിലെ കാലതാമസവും കോടതി ചൂണ്ടിക്കാട്ടി . ബലാത്സഗം ആണെന്ന് ആരോപിക്കാൻ മതിയായ തെളിവില്ല. സ്വതന്ത്ര അന്വേഷണം വേണം, എന്നാൽ ശക്തമായ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ അനാവശ്യമായി തടങ്കലിൽ വെക്കാൻ ആകില്ല.
പൊലീസിന് പരാതി നൽകാതെ കെപിസിസി പ്രസിഡന്റിന് നൽകിയതും കോടതി ചൂണ്ടിക്കാട്ടി. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണ് മൊഴിയെടുത്തതെന്നും കോടതി. പരാതി നൽകാനുള്ള കാലതാമസത്തിൽ സംശയം പ്രകടിപ്പിച്ച കോടതി ഹാജരാക്കിയ ചാറ്റുകൾ ആരോപണം തെളിയിക്കുന്നതല്ലെന്നും പറഞ്ഞു. ക്രൂര ബലാത്സംഗത്തിന് ശേഷവും വിവാഹത്തെക്കുറിച്ച് അതിജീവിത സംസാരിച്ചു. പരാതി വൈകിയതും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതും ജാമ്യത്തിന് കാരണം. പരാതിക്ക് പിന്നിൽ സമ്മർദമാണെന്ന വാദം തള്ളിക്കളയാനാവില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻഷ് ജഡ്ജി എസ് നസീറയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രാഹുലിനെതിരെയുള്ള 23കാരിയുടെ പരാതിയിലാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം.തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയവും ജാമ്യ വ്യവസ്ഥയിലുണ്ട്.
Kochi [Cochin],Ernakulam,Kerala
December 11, 2025 4:16 PM IST
മുൻകൂർ ജാമ്യം വസ്തുതകൾ പരിഗണിക്കാതെ; മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ സര്‍ക്കാര്‍ ഹൈക്കോടതിയിൽ
