Leading News Portal in Kerala

കാൽനൂറ്റാണ്ട് ഭരിച്ച എൽഡിഎഫിന് പാലക്കാട് പുതൂരിൽ സീറ്റില്ല; ബിജെപിക്ക് അട്ടിമറി വിജയം|LDF loses puthur panchayat After 25-Years BJP Registers Historic Win | Kerala


Last Updated:

പല വാർഡുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

News18
News18

പാലക്കാട്: കാൽനൂറ്റാണ്ടിലേറെയായി ഇടതുപക്ഷം ഭരിച്ചിരുന്ന അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ ഇത്തവണ എൽഡിഎഫിന് ഒരു സീറ്റുപോലും നേടാനായില്ല. ആകെയുള്ള 14 വാർഡുകളിൽ ഒൻപത് സീറ്റുകൾ ജയിച്ച ബിജെപി അട്ടിമറി വിജയം നേടി ഭരണം പിടിച്ചെടുത്തു. ഇടത് മുന്നണിക്ക് കനത്ത തിരിച്ചടിയാണ് പുതൂരിൽ നേരിടേണ്ടി വന്നത്. 7 വീതം സീറ്റുകളിൽ മത്സരിച്ച സി.പി.എമ്മിനും സി.പി.ഐക്കും ഒരിടത്തുപോലും ജയിക്കാനായില്ല. പല വാർഡുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പഞ്ചായത്ത് അധ്യക്ഷയും സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവുമായ ജ്യോതി അനിൽ കുമാർ യുഡിഎഫ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. യുഡിഎഫ് അഞ്ച് സീറ്റുകളാണ് പഞ്ചായത്തിൽ നേടിയത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് (6), യുഡിഎഫിന് (3), ബിജെപിക്ക് (3) എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഇത്തവണ എൽഡിഎഫിൽനിന്ന് അഞ്ച് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. യുഡിഎഫ് ഒരു സീറ്റും അധികമായി നേടി.

ഗോത്രവർഗക്കാർ ഉൾപ്പെടെയുള്ള ആദിവാസികൾ കൂടുതലുള്ള പഞ്ചായത്താണ് പുതൂർ. പഞ്ചായത്തിലെ ആദിവാസികൾക്കുള്ള കിടപ്പാടം പദ്ധതിയിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയതും നിലവിലെ പഞ്ചായത്ത് അധ്യക്ഷ വിജിലൻസ് അന്വേഷണം നേരിടുന്നതും തിരഞ്ഞെടുപ്പിൽ വലിയ ചർച്ചാവിഷയമായിരുന്നു.