മലപ്പുറത്ത് ‘ ന്യൂന’ മർദം കൊടുങ്കാറ്റായി; ജില്ലാപഞ്ചായത്തിൽ പ്രതിപക്ഷത്തിരിക്കാൻ ആളില്ല Udf muslim league Congress make clean sweep in Malappuram district panchayat | Kerala
Last Updated:
23 ഡിവിഷനുകളിൽ മുസ്ലീം ലീഗും 10 ഡിവിഷനുകളിൽ കോൺഗ്രസുമടക്കം ആകെയുള്ള 33 ഡിവിഷനുകളും ഇത്തവണ യുഡിഎഫ് വിജയിച്ചു
ഇനി പ്രതിപക്ഷമില്ലാതെ മലപ്പുറം ജില്ലാ പഞ്ചായത്ത്. ആകെയുള്ള 33 ഡിവിഷനുകളും ഇത്തവണ യുഡിഎഫ് വിജയിച്ചു. 23 മുസ്ലീം ലീഗ് 10 കോൺഗ്രസ് എന്നിങ്ങനെയാണ് സീറ്റ് നില.
32 സീറ്റുകൾ ഉണ്ടായിരുന്ന കഴിഞ്ഞ (2015, 2020) രണ്ടു തവണയും അഞ്ച് ഡിവിഷനുകളിലായിരുന്നു എൽഡിഎഫ് വിജയിച്ചിരുന്നത്. പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്നതിനുശേഷം യുഡിഎഫ് ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടുന്ന വൻ വിജയമാണിത്. മുസ്ലീം ലീഗിലെ യാസ്മിൻ അരിമ്പ്ര (ചേറൂർ )33668, പികെ അസ്ലു (വേങ്ങര ) 33185 എന്നിവരാണ് കൂടുതൽ ഭൂരിപക്ഷം നേടിയത്
2010ൽ ഒറ്റ പ്രതിപക്ഷ അംഗവുമായി യുഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരിച്ചിട്ടുണ്ട്. ഇത്തവണ പക്ഷേ, അതുക്കും മേലെയായി വിജയം. പ്രതിപക്ഷത്തിന് ഒരംഗത്തെ പോലും ജയിപ്പിക്കാനായില്ല.
തവനൂർ, മാറഞ്ചേരി, ചങ്ങരംകുളം തുടങ്ങിയ ചുവപ്പ് കോട്ടകളെല്ലാം തകർന്നു. 15 വർഷത്തിനു ശേഷമാണ് ചങ്ങരംകുളത്തെ യുഡിഎഫ് വിജയം. എടപ്പാൾ പേരുമാറി തവനൂരായ ഡിവിഷൻ എക്കാലവും സിപിഎമ്മിനെ തുണച്ച പ്രദേശമാണ്.
യുഡിഎഫിന് അനുകൂലമായൊരു ന്യൂനമർദം ജില്ലയിൽ രൂപപ്പെടുന്നതിന്റെ സൂചനകൾ പ്രചാരണത്തിനു മുന്നേ തന്നെയുണ്ടായിരുന്നു. ഒപ്പം ജില്ലയിലെ പ്രകടമായ സാമുദായിക ധ്രുവീകരണം നിമിത്തം അനുകൂലമായൊരു കൊടുങ്കാറ്റ് യുഡിഎഫും പ്രതീക്ഷിച്ചു. അവരെപ്പോലും അമ്പരിപ്പിക്കുന്ന സൂനാമിയാണ് ഫലം വന്നപ്പോൾ കണ്ടത്.
Malappuram,Kerala
December 15, 2025 4:00 PM IST
