പിണറായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി| CPM Workers Palm Shattered in Explosion at Pinarayi kannur | Kerala
Last Updated:
നാടൻ ബോംബ് പൊട്ടിയതെന്നാണ് ആദ്യം പുറത്തുവന്നതെങ്കിലും തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ നിർമിച്ച പടക്കമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം
കണ്ണൂർ: പിണറായിൽ സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന്റെ വലതുകൈപ്പത്തിയിലെ 3 വിരലുകൾ അറ്റു. വെണ്ടുട്ടായി കനാൽക്കരയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ സ്നേഹാലയത്തിൽ വിബിൻ രാജിന്റെ (26) കൈപ്പത്തിയാണ് ചിതറിയത്. വിരലിന്റെ ഒരു ഭാഗം കണ്ടെടുത്തു.
നാടൻ ബോംബ് പൊട്ടിയതെന്നാണ് ആദ്യം പുറത്തുവന്നതെങ്കിലും തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ നിർമിച്ച പടക്കമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം. എന്നാൽ കടകളിൽ നിന്ന് വാങ്ങിയതല്ല. അനധികൃതമായി നിർമിച്ചതും ഉഗ്രശേഷിയുള്ളതുമാണ് ഇവ.
റീൽസ് എടുക്കുന്നതിനിടെ പൊട്ടാത്ത പടക്കം കൈയിലെടുത്ത് പരിശോധിച്ചപ്പോൾ പൊട്ടിത്തെറിച്ചെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. കോണ്‍ഗ്രസ് ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചത് ഉൾപ്പെടെ 3 കേസുകളിൽ പ്രതിയാണ് വിബിൻ രാജ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പടക്കമാണോ മറ്റെന്തെങ്കിലും സ്ഫോടകവസ്തുവാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
അതേസമയം, പാനൂരിലെ ബിജെപി ശക്തികേന്ദ്രമായ കുറ്റേരിയിലെ പറമ്പിൽ 2 നാടൻ ബോംബുകൾ പോലീസ് കണ്ടെത്തി. വോട്ടെണ്ണൽ ദിനത്തിൽ ഇവിടെ ബോംബ് സ്ഫോടനത്തിൽ 2 ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
യുഡിഎഫ് പിടിച്ചെത്തുന്ന കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പാറാട് ടൗണിൽ ആഹ്ലാദപ്രകടനത്തിനു നേരെ സിപിഎം ആക്രമണമുണ്ടായിരുന്നു. ചുവപ്പുമുഖംമൂടി ധരിച്ച്, വടിവാളുമായെത്തിയ സംഘം പാനൂർ മേഖലയിലും ആക്രമണം നടത്തി. യുഡിഎഫ് പ്രകടനത്തിനുനേരെ കുന്നോത്തുപറമ്പിൽ സിപിഎം സ്തൂപം തകർക്കുകയും ചെയ്തു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കൊലവിളി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.
കയ്യില്‍ ബോംബുമായി നിൽക്കുന്നതടക്കമുള്ള ചിത്രങ്ങളും നാടൻ ബോംബെറിഞ്ഞ് പൊട്ടിക്കുന്ന വീഡിയോയും ഇടത് സൈബർ പേജുകളിൽ വന്നു. പാനൂർ, കുന്നോത്തുപറമ്പ് പ്രദേശങ്ങളുടെ സമീപമാണ് പിണറായി.
Kannur,Kannur,Kerala
December 17, 2025 9:37 AM IST
