കോടതിയിൽ ആവശ്യപ്പെട്ടത് വി ഡി സതീശനെ പ്രസ്താവനകളിൽ നിന്നും വിലക്കണമെന്ന്: കടകംപള്ളിയുടെ അഭിഭാഷകൻ| Kadakampally Surendran Lawyer Urges Court to Restrain VD Satheesan from Making defamatory Statements | Kerala
Last Updated:
‘ഒന്നുകിൽ കോടതി സതീശനെ പ്രസ്താവനകളിൽ നിന്നും വിലക്കണം, അല്ലെങ്കിൽ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് സതീശൻ കോടതിക്ക് ഉറപ്പ് നൽകണം’
സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രന്‍ ഫയൽ ചെയ്ത മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കടകംപള്ളിയുടെ അഭിഭാഷകൻ അഡ്വ. രാജഗോപാലൻ നായർ. ഒന്നുകിൽ കോടതി സതീശനെ പ്രസ്താവനകളിൽ നിന്നും വിലക്കണം, അല്ലെങ്കിൽ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് സതീശൻ കോടതിക്ക് ഉറപ്പ് നൽകണം; എങ്കിൽ മാത്രമേ പ്രധാന ഹർജിയായ മാനനഷ്ടക്കേസിലെ വാദം ആരംഭിക്കാൻ സാധിക്കൂ എന്ന നിലപാടാണ് കോടതിയെ അറിയിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.
സ്വർണപ്പാളി വിവാദം: മനോരമ ന്യൂസ് നൽകിയ വാർത്ത അടിസ്ഥാനരഹിതവും കോടതിയെ അവഹേളിക്കുന്നതും; സത്യാവസ്ഥ ഇതാണ്
സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എൻ്റെ കക്ഷിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ ഫയൽ ചെയ്ത മാനനഷ്ടക്കേസിനെക്കുറിച്ച് ഇന്ന് മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്ത വാർത്ത പൂർണ്ണമായും വസ്തുതാവിരുദ്ധമാണ്. ബഹുമാനപ്പെട്ട കോടതിയെയും നീതിന്യായ വ്യവസ്ഥയെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഈ വാർത്തയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.
വി.ഡി. സതീശൻ എൻ്റെ കക്ഷിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മാസങ്ങൾ പിന്നിട്ടിട്ടും, “കൈയിൽ തെളിവുണ്ട്” എന്ന് ആവർത്തിക്കുന്നതല്ലാതെ, നാളിതുവരെ ഒരു തെളിവുപോലും കോടതിയിലോ പൊതുസമൂഹത്തിന് മുന്നിലോ ഹാജരാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എന്നാൽ, കക്ഷിയെ വ്യക്തിഹത്യ ചെയ്യുന്നത് നിർബാധം തുടരുകയുമാണ്.
ഈ സാഹചര്യത്തിലാണ്, തെളിവുകൾ ഹാജരാക്കാത്തിടത്തോളം കാലം വി.ഡി. സതീശനെ തുടർ പ്രസ്താവനകളിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് ബഹു. കോടതിയിൽ ഒരു ഹർജി (Petition) കൂടി ഫയൽ ചെയ്തത്. ഈ ഹർജിയിന്മേലാണ് ഇന്ന് വാദം തുടങ്ങിയത്.
മാനനഷ്ടം എന്നത് ഒരു ക്രിമിനൽ കുറ്റകൃത്യമാണെന്നും, കേസ് നടക്കുമ്പോൾ തന്നെ ക്രിമിനൽ കുറ്റകൃത്യം ആവർത്തിക്കുവാൻ അനുവദിക്കാൻ ഈ കോടതിക്ക് അധികാരമില്ല എന്നും ഞാൻ ബോധിപ്പിച്ചു. ഒന്നുകിൽ കോടതി സതീശനെ പ്രസ്താവനകളിൽ നിന്നും വിലക്കണം, അല്ലെങ്കിൽ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് സതീശൻ കോടതിക്ക് ഉറപ്പ് നൽകണം; എങ്കിൽ മാത്രമേ പ്രധാന ഹർജിയായ മാനനഷ്ടക്കേസിലെ വാദം ആരംഭിക്കാൻ സാധിക്കൂ എന്ന നിലപാടാണ് കോടതിയെ അറിയിച്ചത്.
ഈ കാര്യം സതീശനുമായി ആലോചിച്ച് മറുപടി അറിയിക്കാമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കിയതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 18ലേക്ക് മാറ്റിവെച്ചത്. കോടതിയിൽ സതീശൻ തൻറെ പ്രസ്താവന ആവർത്തിക്കില്ല എന്ന് രേഖാമൂലം ഉറപ്പ് നൽകാത്ത പക്ഷം അടുത്ത ദിവസം ഇത് സംബന്ധിച്ച് വിശദമായ വാദം കേൾക്കാം എന്ന് കോടതി അറിയിച്ചു.
കോടതിയിൽ നടന്ന യഥാർത്ഥ സംഭവം ഇതായിരിക്കെ, ഇതിന് വിരുദ്ധമായ വാർത്ത മനോരമ ന്യൂസിന് എവിടെ നിന്നും ലഭിച്ചു എന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്. സതീശൻ്റെ അഭിഭാഷകനുമായി എൻ്റെ ഓഫീസ് ബന്ധപ്പെട്ടപ്പോൾ, കോടതിയിൽ നടന്ന കാര്യങ്ങൾ മാത്രമാണ് വിഡി സതീശനോട് പങ്കുവെച്ചതെന്നും, മനോരമ നൽകിയ തെറ്റായ വാർത്തയെക്കുറിച്ച് അറിയില്ലെന്നുമാണ് മറുപടി ലഭിച്ചത്.
കോടതിയിൽ നടക്കാത്ത കാര്യങ്ങൾ നടന്നുവെന്ന് വാർത്ത ചമയ്ക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. അതിനാൽ, മനോരമ ന്യൂസ് ടിവി അടിയന്തരമായി ഈ വാർത്ത തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
അഡ്വ. രാജഗോപാലൻ നായർ
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
December 17, 2025 11:05 AM IST
