Leading News Portal in Kerala

ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനും അറസ്റ്റിൽ| ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി| Sabarimala Gold theft case Smart Creations CEO Pankaj Bhandari and Bellary Govardhan Arrested | Kerala


Last Updated:

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി

ശബരിമല
ശബരിമല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു.സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണംവാങ്ങിയ ബെല്ലാരി ഗോവർധനനുമാണ് അറസ്റ്റിലായത്. ദ്വാരപാലക ശിൽപത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. ശിൽപങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനാണ്.

ഉണ്ണികൃഷ്ണൻപോറ്റിയും ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ചാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്. വേർതിരിച്ച സ്വർണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവ‍ർധനന് കൊടുത്തു എന്നാണ് എസ്ഐടി കണ്ടെത്തല്‍.

ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വർണം ഗോവർധന്റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതിന് ശേഷം തന്ത്രിയുടെ മൊഴി എടുത്തപ്പോൾ തന്ത്രി പറഞ്ഞത് ഗോവർധനുമായി അടുത്ത ബന്ധമുണ്ടെന്നും ജ്വല്ലറിയില്‍ പോയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നുമാണ്.

ഇതും വായിക്കുക: എസ്ഐടിക്ക് കനത്ത തിരിച്ചടി;ശബരിമല സ്വർണക്കൊള്ള കേസ് ഇഡിക്ക് കൈമാറാൻ വിജിലൻസ് കോടതി ഉത്തരവ്

പങ്കജ് ഭണ്ഡാരി ആദ്യം തെറ്റായ മൊഴിയാണ് അന്വേഷണ സംഘത്തിന് നല്‍കിയത്. ഇയാൾ ആദ്യം പറഞ്ഞിരുന്നത് സ്വർണപ്പാളികൾ തന്‍റെ സ്ഥാപനത്തില്‍ എത്തിച്ചിട്ടില്ല എന്നും ചെമ്പുപൂശിയ പാളികളാണ് എത്തിയതെന്നുമാണ്. കൂടാതെ സ്വർണം പൂശിയ പാളികൾ താൻ ഏറ്റെടുക്കുകയോ സ്വർണം പൂശുകയോ ചെയ്യില്ലെന്നും ഇയാൾ പറഞ്ഞു. ഈ മൊഴി അന്വേഷണ സംഘത്തിന് വലിയ സംശയങ്ങൾ ഉണ്ടിക്കിയിരുന്നു. നിലവില്‍ ഇവരുടെ അറസ്റ്റോടുകൂടി കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്.

സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. എസ്ഐടിക്കെതിരെയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോ‍ർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാ‍ർ എന്നിവരെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

കേസിൽ ഇതുവരെ അറസ്റ്റിലായവർ

‌സ്പോൺസർ ഉണ്ണകൃഷ്ണൻപോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി സുധീഷ്‌കുമാര്‍, തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജു, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍ വാസു, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാർ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർ‌ണവ്യാപാരി ബെല്ലാരി ഗോവർധൻ