Leading News Portal in Kerala

‘അൻവർ സംയമനം പാലിക്കണം, യുഡിഎഫിനെ വഴിയമ്പലമായി ആരും കാണരുത്’: മുല്ലപ്പള്ളി രാമചന്ദ്രൻ| Mullappally Ramachandran Warns PV Anvar UDF Is Not a Resting Place for Everyone | Kerala


Last Updated:

‘അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുത്. വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ല’

മുല്ലപ്പള്ളി രാമചന്ദ്രൻ, പി വി അൻവർ
മുല്ലപ്പള്ളി രാമചന്ദ്രൻ, പി വി അൻവർ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരണവുമായി മുന്നോട്ടു പോകുന്ന യുഡിഎഫിന് മുന്നറിയിപ്പ് നൽകി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക എന്നു പറഞ്ഞാൽ പ്രയാസമുള്ള കാര്യമാണ്. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യജനാധിപത്യ മുന്നണിയെ നോക്കി കാണാൻ സാധ്യമല്ലയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുത്. വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ല. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പി വി അൻവർ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘പി വി അൻവർ അൽപം സംയമനം പാലിക്കണം. അത് എവിടെയായാലും. മുന്നണിയിലായാലും പാർട്ടിയിൽ ആയാലും അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുന്നതും പരസ്യപ്രസ്താവന നടത്തുന്നതും ഗുണമല്ല. അവസരസേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ മുന്നണിയിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് തനിക്ക് അറിയുക പോലുമില്ല. അദ്ദേഹം ആരാണെന്ന് പോലും അറിയില്ല’- മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പി വി അൻവറിനെ യു.ഡി.എഫിന്റെ അസോഷ്യേറ്റ് അംഗമാക്കിയതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

അതേസമയം, എൻഡിഎ ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിനെ ഇനി യുഡിഎഫിൻ്റെ ഭാഗമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. ഇനി വിഷ്‌ണുപുരം ചന്ദ്രശേഖരൻ താത്പര്യം പ്രകടിപ്പിച്ചാലും മുന്നണിയുടെ ഭാഗമാക്കില്ല. എൻഡിഎയിൽ പരിഗണന ലഭിക്കുന്നതിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ നാടകം നടത്തുകയായിരുന്നു എന്നാണ് കോൺഗ്രിന്‍റെ വിലയിരുത്തൽ.