‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ| Sabarimala SIT Probe VD Satheesan Accuses Senior IPS Officers of Undue Influence | Kerala
Last Updated:
നീക്കത്തില്‍ നിന്ന് അവര്‍ പിന്മാറിയില്ലെങ്കില്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മേല്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നീക്കത്തില്‍ നിന്ന് അവര്‍ പിന്മാറിയില്ലെങ്കില്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.
‘സിബിഐ അന്വേഷണമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹൈക്കോടതി നിരീക്ഷണത്തില്‍ അന്വേഷണം വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്തു. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ 2019ല്‍ നടന്ന മോഷണം 2024ലും ആവര്‍ത്തിക്കുമായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് അന്വേഷണം പതുക്കെയായി. അത് ഹൈക്കോടതിയും ശരിവച്ചു.
ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വഴി രണ്ടു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ വലിയ സമ്മര്‍ദമാണ് എസ്‌ഐടിക്ക് മീതേ ചുമത്തുന്നത്. മര്യാദയുടെ പേരില്‍ അവരുടെ പേര് ഇപ്പോള്‍ പറയുന്നില്ല. ഈ നീക്കത്തില്‍നിന്ന് അവരും മുഖ്യമന്ത്രിയുടെ ഓഫീസും പിന്മാറിയില്ലെങ്കില്‍ പേരുകൾ പുറത്തുവിടും.
അന്വേഷണം സൂക്ഷ്മമായി നിരീക്ഷിച്ച് പാളിച്ചകള്‍ കണ്ടെത്തിയാല്‍ പറയും. ബിഗ് ഗണ്‍സ് എന്നു കോടതി എടുത്തു പറഞ്ഞ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ ഉള്‍പ്പെടെ പങ്ക് പുറത്തുവരുമോ എന്നു നോക്കാം. എസ്‌ഐടി അല്ല, സിബിഐ ആണ് വേണ്ടത് എന്നു പറയേണ്ട ഒരു സ്ഥിതിയിലേക്ക് കേരള പൊലീസ് പോകരുത്’ – പ്രതിപക്ഷ നേതാവ് പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
