പാലായില്‍ ഇനി രാഷ്ട്രീയത്തിലെ യഥാർത്ഥ കുടുംബവാഴ്ച; 21കാരി നയിക്കും; അച്ഛനും വല്യച്ഛനും ഒപ്പമിരിക്കും| Real Family Rule in Pala 21-Year-Old to Lead Father and Uncle to Sit Alongside in Council | Kerala
Last Updated:
രാഷ്ട്രീയത്തിലെ കുടുംബവാഴ്ച പുതുമയുള്ളതല്ലെങ്കിലും മകളും അച്ഛനും ചെറിയച്ഛനും കൗൺസിലിൽ ഒരുമിച്ചിരിക്കുക എന്നത് അപൂര്‍വത തന്നെയാണ്
രാഷ്ട്രീയ ചരിത്രത്തിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് കെ എം മാണിയുടെ സ്വന്തം തട്ടകമായിരുന്നു പാലാ. സ്വതന്ത്ര സ്ഥാനാർതകളായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണം യുഡിഎഫിന്റെ കൈകളിലെത്തി. 1985ന് ശേഷം ഇതാദ്യമായാണ് പാലാ നഗരസഭയുടെ ഭരണത്തിൽനിന്ന് കേരളാ കോൺഗ്രസ് എം പുറത്താകുന്നത്. ഒരു ക്രൈസ്തവ ഇതര മതത്തിൽ നിന്നൊരാൾ പാലാ നഗരസഭയുടെ അധ്യക്ഷനാകുന്നതും ആദ്യം.
26 അംഗ നഗരസഭയിൽ എൽഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷമില്ലാതെവന്നതോടെയാണ് പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണ നിർണായകമായത്.
ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാൾ കോൺഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. ഇവർക്ക് ആദ്യ ടേമിൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനം നൽകിയിട്ടുണ്ട്. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി.
പാലാ നഗരസഭാ അധ്യക്ഷ സ്ഥാനം പങ്കുവെക്കാനാണ് ധാരണ. 21-കാരിയായ ദിയ, നഗരസഭാധ്യക്ഷയാകുന്നതോടെ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി മാറും.
ബിനു പുളിക്കക്കണ്ടം പാലാ നഗരസഭയുടെ 14-ാം വാർഡിലും ബിജു പുളിക്കക്കണ്ടം 13-ാം വാർഡിലും ബിനുവിന്റെ മകൾ ദിയ 15-ാം വാർഡിലുമായിരുന്നു ജനവിധി തേടിയത്. ഈ മൂന്ന് വാർഡുകളിലും യുഡിഎഫിന് സ്ഥനാർത്ഥികളുണ്ടായിരുന്നില്ല. മൂന്നു വാർഡുകളിലും ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. മാണി കുടുംബത്തിന്റേ പേരിൽ അറിയപ്പെടുന്ന പാലാ ഇനി പുളിക്കക്കണ്ടം കുടുംബത്തിന്റെ പേരില്‍ കൂടിയാകും അറിയപ്പെടുക. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച പുതുമയുള്ളതല്ലെങ്കിലും മകളും അച്ഛനും ചെറിയച്ഛനും കൗൺസിലിൽ ഒരുമിച്ചിരിക്കുക എന്നത് അപൂര്‍വത തന്നെയാണ്. ബിനുവിന്റെയും ബിജുവിന്റെയും പിതാവ് പുളിക്കക്കണ്ടത്ത് സുകുമാരൻ നായര്‍ കാൽനൂറ്റാണ്ടുകാലത്തോളം കേരള കോൺഗ്രസ് എമ്മിന്റെ നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു.
അതേസമയം, നഗരസഭയിലെ മുൻ അധ്യക്ഷന്മാരായ ഭാര്യയും ഭർത്താവും കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥികളായി ജയിച്ച് പ്രതിപക്ഷത്തുണ്ട്.
കോൺഗ്രസ് പ്രതിനിധിയായാണ് ബിനു പുളിക്കക്കണ്ടം ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015ൽ ബിജെപി ടിക്കറ്റിൽ വിജയിച്ച് പാലായിൽ ആദ്യമായി താമര വിരിയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സഹോദരൻ ബിജുവായിരുന്നു പ്രധാന എതിരാളി. 2020ൽ സിപിഎം സ്ഥാനാർത്ഥിയായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചു. സിപിഎമ്മിന്റെ ചിഹ്നത്തിൽ വിജയിച്ച ഏക ഇടതുപക്ഷ അംഗമായിരുന്നു ബിനു.
ജോസ് കെ മാണിയെ പരസ്യമായി വിമർശിച്ചിരുന്ന ബിനുവിന് കേരള കോൺഗ്രസിന്റെ സമ്മർദംമൂലം ചെയർമാൻ സ്ഥാനം നൽകാൻ സിപിഎം തയാറായില്ല. ഇക്കുറി വീണ്ടും സ്വതന്ത്രനായി രംഗത്തിറങ്ങുകയായിരുന്നു.
ബിജു പുളിക്കക്കണ്ടം ദീർഘനാൾ കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഏറെ അടുപ്പമുള്ളയാളാണ് ബിജു.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തശേഷം എംബിഎ പഠനത്തിനൊരുങ്ങുമ്പോഴാണ് ദിയ മത്സരരംഗത്ത് ഇറങ്ങിയത്.
Kottayam,Kottayam,Kerala
പാലായില്‍ ഇനി രാഷ്ട്രീയത്തിലെ യഥാർത്ഥ കുടുംബവാഴ്ച; 21കാരി നയിക്കും; അച്ഛനും വല്യച്ഛനും ഒപ്പമിരിക്കും
