അയ്യപ്പഭജനയിൽ കരോള്‍ ഗാനം; കൂടെ ക്രിസ്മസ് പാപ്പയും സംഘവും: കോട്ടയം കുമരകത്തെ ഹൃദയംതൊടുന്ന കാഴ്ച| Ayyappa Devotees Join Christmas Carol Singers in kottayam Kumarakom Viral Video Wins Hearts | Kerala
Last Updated:
സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായ ഈ വീഡിയോ കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ പ്രതീകമായാണ് വിശേഷിപ്പിക്കപ്പെടുന്നത്
കോട്ടയം: മനോഹരമായ ഒരു ക്രിസ്മസ് രാവിൽ, അയ്യപ്പ ഭജന പാട്ടുകൾ മുഴങ്ങേണ്ട ഇടത്തുനിന്ന് ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ’ എന്ന ക്രിസ്മസ് കരോൾ ഗാനം ഉയർന്നാൽ എങ്ങനെയുണ്ടാകും? കോട്ടയം കുമരകത്ത് നിന്നുള്ള അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹൃദയം കീഴടക്കുന്നത്.
ഭജന നടക്കുന്ന പന്തലിലേക്ക് എത്തിയ കരോൾ സംഘത്തെ വളരെ സ്നേഹത്തോടെയാണ് അയ്യപ്പ ഭക്തർ വരവേറ്റത്. കരോൾ സംഘം പാട്ടു പാടിയപ്പോൾ അവർക്ക് താളമേളങ്ങളുമായി ഭജന സംഘം ഒപ്പം കൂടി. ഭജനയ്ക്ക് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ കരോൾ പാട്ടിന് അകമ്പടിയായതോടെ ആ പരിസരം മുഴുവൻ ആഘോഷലഹരിയിലായി.
കുട്ടികളും മുതിർന്നവരും അടങ്ങുന്ന വലിയൊരു സംഘം കരോളിനൊപ്പം നൃത്തം ചെയ്തും കൈകൊട്ടിയും ഈ നിമിഷം ആഘോഷമാക്കി. സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായ ഈ വീഡിയോ കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ പ്രതീകമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
“ഇതാണ് യഥാർത്ഥ കേരളം” എന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്. ജാതിമത ഭേദമന്യേ മനുഷ്യർ ഒന്നാകുന്ന ഇത്തരം കാഴ്ചകൾ നമ്മുടെ നാടിന് പകർന്നു നൽകുന്ന സന്ദേശം വളരെ വലുതാണ്.
Kottayam,Kottayam,Kerala
