കാസർഗോഡ് വേടന്റെ സംഗീതപരിപാടി തിക്കുംതിരക്കും മൂലം തടസ്സപ്പെട്ടു; 19-കാരൻ ട്രെയിനിടിച്ച് മരിച്ചു; നിരവധി പേർക്ക് പരിക്ക്|Stampede at Rapper Vedan Concert in Kasaragod Youth killed by Train During Dispersal | Kerala
Last Updated:
വേടൻ എത്താൻ വൈകിയതിനാൽ പറഞ്ഞതിലും ഒന്നരമണിക്കൂർ വൈകിയാണു പരിപാടി ആരംഭിച്ചത്
കാസർഗോഡ്: ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടന്ന റാപ്പർ വേടന്റെ സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്. തിരക്ക് നിയന്ത്രിക്കാനാവാതെ പരിപാടി നിർത്തിവെച്ചതിന് പിന്നാലെ മടങ്ങിപ്പോകുകയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശിയായ ശിവാനന്ദ് (19) ആണ് മരിച്ചത്. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെൽവേലി ജാംനഗർ എക്സ്പ്രസ് ഇടിച്ചെന്നാണു സൂചന. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റാണ് മൃതദേഹം കണ്ടത്.
അതേസമയം, വേടൻ എത്താൻ വൈകിയതിനാൽ പറഞ്ഞതിലും ഒന്നരമണിക്കൂർ വൈകിയാണു പരിപാടി ആരംഭിച്ചത്. പരിപാടി തുടങ്ങി അധികം വൈകാതെ തന്നെ ജനക്കൂട്ടം നിയന്ത്രണാതീതമായി. തിരക്കിൽപ്പെട്ട് പലരും ബോധരഹിതരായി വീണു. പരിഭ്രാന്തി പടർന്നതോടെ അധികൃതർ ഇടപെട്ട് സംഗീതപരിപാടി നിർത്തിവെപ്പിച്ചു. തിരക്കിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.
പരിപാടി നിർത്തിവെച്ചതിനെത്തുടർന്ന് മടങ്ങിപ്പോകാൻ റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ശിവാനന്ദിനെയും മറ്റൊരു യുവാവിനെയും ട്രെയിൻ ഇടിച്ചത്. ശിവാനന്ദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നേരത്തെ കാസർകോട് തന്നെ നടന്ന ഹനാൻ ഷായുടെ പരിപാടിക്കിടെയും സമാനമായ രീതിയിൽ തിരക്ക് മൂലം അപകടമുണ്ടായിരുന്നു.
Kasaragod,Kasaragod,Kerala
കാസർഗോഡ് വേടന്റെ സംഗീതപരിപാടി തിക്കുംതിരക്കും മൂലം തടസ്സപ്പെട്ടു; 19-കാരൻ ട്രെയിനിടിച്ച് മരിച്ചു; നിരവധി പേർക്ക് പരിക്ക്
