മദ്യത്തിന് പേരിടല്‍ മത്സരം ചട്ടലംഘനം; പരസ്യം പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി| Liquor Naming Contest Violates Abkari Rules KCBC madhya virudha samithi | Kerala
Last Updated:
പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് സമിതി ആവശ്യപ്പെട്ടു
കൊച്ചി: സർക്കാരിന്റെ ഉടമസ്ഥതിയിലുള്ള പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സര്‍ക്കാര്‍ പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് സമിതി ആവശ്യപ്പെട്ടു.
പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും ബെവ്‌കോ നടത്തിയത് ‘സരോഗേറ്റ് അഡ്വര്‍ടൈസ്‌മെന്റ്’ ആണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറഞ്ഞു. പരസ്യം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കുമെന്നും മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്നും നടപടി പിന്‍വലിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും സമിതി ആരോപിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി മദ്യവർജനം പറയുന്ന സര്‍ക്കാര്‍ പുതുവര്‍ഷം കൊഴുപ്പിക്കാന്‍ ബാറുകളുടെ സമയം വര്‍ധിപ്പിച്ചതും അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതും തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യംവെച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിന്റെയും ദുരിതവും ദുരന്തവും പേറുന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ എന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറഞ്ഞു.
ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു ബെവ്‌കോയുടെ പ്രഖ്യാപനം. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് ബെവ്‌കോ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്. ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയിലിലേക്ക് പേരും ലോഗോയും അയക്കാനാണ് ബെവ്‌കോ എംഡി ആവശ്യപ്പെട്ടിരിക്കുന്നത്.
Kochi [Cochin],Ernakulam,Kerala
മദ്യത്തിന് പേരിടല്‍ മത്സരം ചട്ടലംഘനം; പരസ്യം പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
