Leading News Portal in Kerala

ലൈഫ് സെറ്റിലായില്ലേഡാ! കൂറുമാറാൻ CPM 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് മുസ്ലിം ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ|  Leaked Audio Muslim League Independent Offered Rs 50 Lakh by cpm to Switch Votes in Wadakkanchery Block Panchayat Election | Kerala


Last Updated:

കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

കെ യു ജാഫർ
കെ യു ജാഫർ

തൃശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രന് സിപിഎം 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. വടക്കാഞ്ചാരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ യു ജാഫര്‍, കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റായ എ എ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഈ ഫോൺ സംഭാഷണം.

‘രണ്ട് ഓപ്ഷനാണ് സിപിഎം നല്‍കുന്നത്. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാം.’ ഇതായിരുന്നു സിപിഐഎം നല്‍കിയ ഓഫർ. ഇതിന് പിന്നാലെ 50 ലക്ഷം രൂപ വാങ്ങാനാണ് തീരുമാനമെന്ന് ലീഗ് പ്രവര്‍ത്തകന്‍ പാർട്ടിയെ അറിയിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് അംഗങ്ങള്‍ വീതമുണ്ടായിരുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂറുമാറി വോട്ട് ചെയ്തതിന് പിന്നാലെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് സ്വന്തമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനാകട്ടെ ജാഫര്‍ എത്തിയതുമില്ല. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എല്‍ഡിഎഫിന്റെ കയ്യിലായി. തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം തന്നെ ജാഫര്‍ അംഗത്വം രാജിവെച്ചു കത്തും നല്‍കി.

യുഡിഎഫിനൊപ്പം നിന്നാല്‍ ഇരു പാര്‍ട്ടികളും ഏഴ് വോട്ടുകള്‍ നേടി സമനിലയില്‍ എത്തും. അതുകൊണ്ട് തനിക്ക് നേട്ടമൊന്നും ഉണ്ടാകില്ലല്ലോ എന്ന് ജാഫര്‍ ചോദിക്കുന്നതും ശബ്ദരേഖയില്‍ വ്യക്തമാണ്. എല്‍ഡിഎഫിന്റെ പക്കല്‍ നിന്ന് പണം ലഭിച്ചാല്‍ തന്റെ രാഷ്ട്രീയ ജീവിതം അതോടെ അവസാനിപ്പിക്കുമെന്നും ജാഫര്‍ പറയുന്നുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഐ ഷാനവാസാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ജാഫര്‍ താനുമായി സംസാരിച്ച സംഭാഷണ രേഖയാണ് പുറത്തുവന്നതെന്ന് മുസ്തഫയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഫോണിലൂടെ തമാശരൂപേണ പറഞ്ഞ കാര്യം മാത്രമാണെന്നായിരുന്നു ജാഫറിന്റെ വിശദീകരണം.

തുടര്‍ച്ചയായി 15 വര്‍ഷം എല്‍ഡിഎഫ് ഭരിച്ചിരുന്ന ഇടമാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്. 2020ല്‍ 13 സീറ്റുകളില്‍ 11ഉം സ്വന്തമാക്കി എൽഡിഎഫ് ഭരണത്തിലെത്തിയ ബ്ലോക്ക് പഞ്ചായത്തിലാണ് ഇത്തവണ ഇരുപാർട്ടികൾക്കും തുല്യ വോട്ടുകള്‍ ലഭിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ വി നഫീസയാണ് ജാഫറിന്റെ വോട്ടിലൂടെ വിജയിച്ച് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്.

Summary: A phone conversation has surfaced suggesting that E.U. Jafar, a Muslim League independent member who defected to vote for the LDF in the Wadakkanchery Block Panchayat President election, was promised a reward of ₹50 lakh by CPM. The audio clip features Jafar, who won from the Thali division, speaking with A.A. Musthafa, the Congress Varavoor Mandalam President. The conversation reportedly took place on the eve of the presidential election.