Leading News Portal in Kerala

‘എല്‍ഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തില്‍; ആരുമായും ഡീല്‍ ഇല്ല’: കോഴ വാങ്ങി വോട്ടുമറിച്ചെന്ന വിവാദത്തില്‍ ഇ യു ജാഫര്‍| Wadakkanchery Bribery Row Muslim League Independent EU Jafar Claims Defection was Accidental | Kerala


Last Updated:

നുണപരിശോധനയ്ക്ക് വരെ തയാറാണെന്നും ആരുമായും ഡീല്‍ ഇല്ലെന്നും ജാഫര്‍

ഇ യു ജാഫർ
ഇ യു ജാഫർ

തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ 50 ലക്ഷം കോഴ വാങ്ങി വോട്ടുമറിച്ചെന്ന വിവാദത്തില്‍ ആരോപണങ്ങള്‍ തള്ളി ലീഗ് സ്വതന്ത്രന്‍ ഇ‌ യു ജാഫര്‍. എല്‍ഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തിലാണെന്നും പണം വാങ്ങിയിട്ടില്ലെന്നും ജാഫര്‍ പറഞ്ഞു. പിന്തുണ ആവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ വിളിച്ചിട്ടില്ല. തെറ്റ് പറ്റിയതില്‍ കുറ്റബോധം ഉണ്ട്. നുണപരിശോധനയ്ക്ക് വരെ തയാറാണെന്നും ആരുമായും ഡീല്‍ ഇല്ലെന്നും ജാഫര്‍ വ്യക്തമാക്കി.

ഇതും വായിക്കുക: ലൈഫ് സെറ്റിലായില്ലേഡാ! കൂറുമാറാൻ CPM 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് മുസ്ലിം ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ടുചെയ്യാന്‍ സിപിഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി ഇ‌ യു ജാഫര്‍ പറയുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. വടക്കാഞ്ചേരി ബ്ലോക്കിലെ തളി ഡിവിഷനില്‍നിന്ന് വിജയിച്ച ഇ യു ജാഫര്‍ കോണ്‍ഗ്രസ് നേതാവിനോട് നടത്തിയ വെളിപ്പെടുത്തലാണ് പുറത്തായത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് തലേന്നായിരുന്നു സംസാരം നടന്നത്.

എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് വീതം അംഗങ്ങള്‍ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തില്‍ ജാഫര്‍ കൂറുമാറി വോട്ട് ചെയ്തതോടെ എല്‍ഡിഎഫ് വിജയിച്ചിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ എത്താതിരുന്നതോടെ ആ സ്ഥാനവും എൽഡിഎഫിന് ലഭിച്ചു. തൊട്ടടുത്ത ദിവസം ജാഫര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു.

ജാഫറിന്‍റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യമില്ലെന്നും, കുതിരക്കച്ചവടം സിപിഎമ്മിനില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. അന്വേഷണം നടക്കട്ടെയെന്നും തെളിഞ്ഞാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. 15 വര്‍ഷമായി എല്‍ഡിഎഫ് ഭരണത്തിലാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്. ഇക്കുറി തുല്യനില ആയതോടെയാണ് ഭരണം നിലനിര്‍ത്താന്‍ കുതിരക്കച്ചവടം നടന്നതെന്നാണ് ആരോപണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘എല്‍ഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തില്‍; ആരുമായും ഡീല്‍ ഇല്ല’: കോഴ വാങ്ങി വോട്ടുമറിച്ചെന്ന വിവാദത്തില്‍ ഇ യു ജാഫര്‍