Leading News Portal in Kerala

ആറ്റുകാൽ പൊങ്കാല: നഗരസഭ ഒരുക്കം തുടങ്ങി; തട്ടിക്കൂട്ട് പണി നടത്തിയാൽ ബില്ല് പാസാക്കില്ലെന്ന് മേയർ| Attukal Pongala Thiruvananthapuram Corporation Begins Preparations Mayor Issues Stern Warning to Contractors | Kerala


Last Updated:

അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താതെയുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കണം. ടാറിങ് വൈകിപ്പിച്ചതിനാൽ മുൻ വർഷങ്ങളിൽ ഭക്തരുടെമേൽ ടാർ ഒട്ടിപ്പിടിക്കുന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നേരത്തെ എസ്റ്റിമേറ്റുകളെടുത്ത് പണികൾ പൂർത്തിയാക്കണമെന്നും മേയർ യോഗത്തിൽ ആവശ്യപ്പെട്ടു

ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി  ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ അനൗപചാരിക ചർച്ചകൾ നടത്തുന്ന മേയർ
ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ അനൗപചാരിക ചർച്ചകൾ നടത്തുന്ന മേയർ

തിരുവനന്തപുരം‌: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഒരുക്കങ്ങൾ മുൻകൂർ പൂർത്തിയാക്കാൻ കോർപഷൻ മേയർ വി വി രാജേഷ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റോഡിലെ ടാറിങ് അടക്കമുള്ള പണികൾ വൈകിപ്പിക്കരുതെന്നും പൊങ്കാല ഉത്സവത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ പണികൾ തീർക്കണമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താതെയുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കണം. ടാറിങ് വൈകിപ്പിച്ചതിനാൽ മുൻ വർഷങ്ങളിൽ ഭക്തരുടെമേൽ ടാർ ഒട്ടിപ്പിടിക്കുന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നേരത്തെ എസ്റ്റിമേറ്റുകളെടുത്ത് പണികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ കഴിഞ്ഞതവണ ചെയ്ത ജോലികളുടെ ബില്ല് ഇനിയും പാസാക്കി പണം നൽകിയിട്ടില്ലെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. ബില്ല് ലഭിച്ച ഉടൻ തന്നെ സർക്കാരിന് കൈമാറിയെന്നായിരുന്നു ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചത്‌. പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ആരും ശ്രമിക്കരുതെന്നും അത് നടക്കില്ലെന്നും മേയർ വി വി രാജേഷ് അറിയിച്ചു.

റോഡിനു സമീപത്തായി കൂട്ടിയിട്ടിരിക്കുന്ന നിർമാണ സാമഗ്രികൾ ഉടൻ മാറ്റാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കുടിവെള്ളത്തിന്റെ ഗുണപരിശോധന ഉറപ്പുവരുത്താൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. വാഹന പാർക്കിങ് സൗകര്യങ്ങൾ, സ്വീവേജ് സംവിധാനങ്ങൾ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ട് നടത്തേണ്ട പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു.

അടിയന്തരമായി നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും അവ എസ്റ്റിമേറ്റെടുത്ത് പൂർത്തീകരിക്കുന്നതിനും തീരുമാനമായി. യോഗത്തിൽ കെഎസ്ആർടിസി, റെയിൽവേ പ്രതിനിധികൾ പങ്കെടുത്തില്ല. ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്, ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി ശോഭ, നഗരസഭാ സെക്രട്ടറി എസ് ജഹാംഗീർ, ഡിസിപി ദീപക് ധൻഖേർ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ 2 തവണയും ബിജെപിയായിരുന്നു കോർപറേഷനിലെ മുഖ്യപ്രതിപക്ഷം. ഇക്കാലയളവിൽ പൊങ്കാല നടത്തിപ്പിലുണ്ടാകുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും പൊങ്കാലയുടെ മറവിൽ‌ നടക്കുന്ന അഴിമതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തത് ബിജെപിയാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രഥമ ഭരണസമിതിയാണ് ഇത്തവണ പൊങ്കാലയ്ക്ക് നേതൃത്വം നൽ‌കുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ഭരണസമിതി നല്‍കുന്ന പ്രാധാന്യം കൂടി കണക്കിലെടുത്താനാണ് മുന്നോരുക്കങ്ങൾ വിലയിരുത്താൻ യോഗം ചേർന്നത്.