Leading News Portal in Kerala

പത്തനംതിട്ടയിൽ DJ കലാകാരന്റെ ലാപ്‌ടോപ്പ് പോലീസ് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ അന്വേഷണം| Kerala CM Orders Investigation After Police Allegedly Smash DJ Artists Laptop in Pathanamthitta | Kerala


Last Updated:

ഡിജെ അഭിറാം സുന്ദറിന്റെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പാണ് പോലീസ് ചവിട്ടിപ്പൊളിച്ചത്

പോലീസ് ഉദ്യോഗസ്ഥൻ ലാപ്പ് ടോപ്പ് ചവിട്ടി്പ്പൊളിക്കുന്നു
പോലീസ് ഉദ്യോഗസ്ഥൻ ലാപ്പ് ടോപ്പ് ചവിട്ടി്പ്പൊളിക്കുന്നു

പത്തനംതിട്ടയില്‍ പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടിക്കിടെ ഡിജെ കലാകാരന്റെ ലാപ്‌ടോപ് പോലീസ് ചവിട്ടിപ്പൊളിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയോടാണ് നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. പിന്നാലെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ഡിജിപി പറഞ്ഞു. എന്താണ് നടന്നതെന്ന് പരിശോധിക്കും. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പുതുവത്സര പരിപാടികള്‍ നടന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ട്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ഡിജെ അഭിറാം സുന്ദറിനായിരുന്നു പൊലീസില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. പോലീസ് ലാപ്‌ടോപ്പ് ചവിട്ടി താഴെയിടുന്ന ദൃശ്യം അഭിറാം തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പാണ് പോലീസ് തകര്‍ത്തതെന്ന് അഭിറാം പറഞ്ഞിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ലാപ്‌ടോപ്പ് വാങ്ങിയത്. അതില്‍ ഒരുപാട് ഫയലുകള്‍ ഉണ്ടായിരുന്നു. തന്നെപ്പോലെയുള്ള ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറെ വിഷമമുണ്ടാക്കിയ സംഭവമാണിതെന്നും അഭിറാം പറഞ്ഞിരുന്നു. ഡിജെ കലാകാരന് നേരിട്ട ദുരനുഭവം ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടത്.

അനുവദിച്ച സമയപരിധി കഴിഞ്ഞതിന്റെ പേരിലാണ് പോലീസ് അതിക്രമം നടത്തിയതെന്നാണ് വിവരം. പരിപാടിയിൽ സമയപരിധി ലംഘിച്ചിട്ടുണ്ടെങ്കിൽ സംഘാടകർക്കെതിരെയാണ് നിയമനടപടി എടുക്കേണ്ടതെന്നും അല്ലാതെ സ്റ്റേജ് കലാകാരോടല്ലെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

പത്തനംതിട്ടയിൽ DJ കലാകാരന്റെ ലാപ്‌ടോപ്പ് പോലീസ് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ അന്വേഷണം