അടൂരിൽ പ്രതികളുമായി ജയിലിലേക്ക് പോയ പോലീസ് ജീപ്പിൽ KSRTC ബസ് ഇടിച്ച് ASI ഉൾപ്പെടെ 6 പേർക്ക് പരിക്ക്|6 Injured Including Cops and Accused After KSRTC Bus Rams Police Jeep in adoor | Kerala
Last Updated:
അടൂർ സെൻട്രൽ ടോളിന് സമീപമുള്ള അർബൻ ബാങ്കിന് മുന്നിലായിരുന്നു അപകടം
അടൂർ: പ്രതികളുമായി പോയ പോലീസ് ജീപ്പിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ആറുപേർക്ക് പരിക്ക്. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്. രാജൻ, സിപിഒമാരായ കെ.ഐ. മുഹമ്മദ് റഷാദ്, എസ്. സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ അടൂർ സെൻട്രൽ ടോളിന് സമീപമുള്ള അർബൻ ബാങ്കിന് മുന്നിലായിരുന്നു അപകടം.
ജീപ്പിലുണ്ടായിരുന്ന അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികൾ ജോൺ ജോൺ (49), സിജു എബ്രഹാം (39) എന്നിവർക്കും ബസ് യാത്രക്കാരിയായ കായംകുളം സ്വദേശിനി ഷീജയ്ക്കും (52) പരിക്കേറ്റിട്ടുണ്ട്. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോവുകയായിരുന്ന ഓർഡിനറി ബസാണ് പോലീസ് വാഹനത്തിന് പിന്നിൽ ഇടിച്ചത്.
ബസ് നിയന്ത്രണം വിട്ട് ജീപ്പിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് ബസ് ഡ്രൈവർ രാജേന്ദ്രൻ പോലീസിനോട് വിശദീകരിച്ചു. കായംകുളം ഡിപ്പോയിലേതാണ് അപകടത്തിൽപ്പെട്ട ബസ്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Adoor,Pathanamthitta,Kerala
