ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച വിവാദ ചിത്രം ബിനാലെയിൽ നിന്ന് നീക്കി|Controversial painting removed from Kochi-Muziris Biennale over distorted depiction of Christ’s Last Supper | Kerala
Last Updated:
ക്യൂറേറ്ററും കലാകാരനും എടുത്ത സംയുക്ത തീരുമാനപ്രകാരമാണ് ചിത്രം പ്രദർശനത്തിൽ നിന്ന് മാറ്റിയതെന്ന് ബിനാലെ ഫൗണ്ടേഷൻ വ്യക്തമാക്കി
കൊച്ചി: മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വിവാദ ചിത്രം നീക്കം ചെയ്തു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാരോപിച്ച് വിവിധ ക്രൈസ്തവ സഭകളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് നടപടി. ക്യൂറേറ്ററും കലാകാരനും എടുത്ത സംയുക്ത തീരുമാനപ്രകാരമാണ് ചിത്രം പ്രദർശനത്തിൽ നിന്ന് മാറ്റിയതെന്ന് ബിനാലെ ഫൗണ്ടേഷൻ വ്യക്തമാക്കി. ‘മൃദുവാംഗിയുടെ ദുർമൃത്യു’ എന്ന പേരിലുള്ള ചിത്രമാണ് വിവാദത്തിന് ആധാരമായത്. ലോകപ്രശസ്തമായ അന്ത്യ അത്താഴത്തെ ചിത്രത്തിന്റെ ദൃശ്യഘടനയിൽ ബന്ധമില്ലാത്ത കഥാപാത്രത്തെ ഉൾപ്പെടുത്തിയത് വിശ്വാസത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി തോമസ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
കലാസ്വാതന്ത്ര്യത്തിന്റെ മറവിൽ മതവികാരങ്ങൾ വ്രണപ്പെടുത്തിയെന്നും ബിനാലെ അധികൃതർ ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ബിനാലെ വേദിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും വിഷയം വലിയ ചർച്ചയാവുകയും ചെയ്തു. വിവിധ സഭകളുടെ പ്രതിഷേധം കൂടി കണക്കിലെടുത്താണ് ചിത്രം പിൻവലിക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചത്.
അതേസമയം, ബിനാലെയുടെ ഭാഗമായ ‘ഇടം’ പ്രദർശനം നടക്കുന്ന ഗാർഡൻ കൺവെൻഷൻ സെന്ററിലായിരുന്നു ‘മൃദുവാംഗിയുടെ ദുർമൃത്യു’ എന്ന പെയിന്റിങ് ഉണ്ടായിരുന്നത്. പെയിൻറിങ് ഒഴിവാക്കിയ ശേഷം വേദി പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു.
Ernakulam,Kerala
Jan 06, 2026 12:21 PM IST
