Leading News Portal in Kerala

സ്വർണമാലയ്ക്ക് വേണ്ടി കത്തികാട്ടി ഭീഷണിപ്പെടുത്തിയ കള്ളനെ അതേ കത്തികൊണ്ട് വിരട്ടി 77-കാരി | 77-Year-Old Woman Turns the Tables on Chain Snatcher Defends Herself with Thief’s Own Knife | Kerala


Last Updated:

പ്രദേശത്തെ എല്ലാവരും മാല ഊരിയെന്നാണ് വയോധിക ചിരിയോടെ പ്രതികരിക്കുന്നത്

News18
News18

ആലപ്പുഴ: സ്വർണമാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ ധീരമായി നേരിട്ട് 77-കാരി. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ അക്രമിയുടെ കയ്യിൽ നിന്നും കത്തി പിടിച്ചുവാങ്ങിയാണ് അമ്പലപ്പുഴ സ്വദേശിയായ മഹിളാമണിയമ്മ കരുത്ത് കാട്ടിയത്. പിടിവലിക്കൊടുവിൽ മാല വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പദ്മകുമാറിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

കഴിഞ്ഞ ദിവസം വൈകിട്ട് മഹിളാമണിയമ്മ വീട്ടിലേക്ക് നടന്നു വരുമ്പോഴായിരുന്നു ആക്രമണം. വഴിയിൽ നിന്ന പദ്മകുമാർ ഇവരെ തടഞ്ഞുനിർത്തുകയും മതിലിനോട് ചേർത്തുനിർത്തി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കഴുത്തിൽ കത്തിവെച്ച് മാല തട്ടിയെടുക്കാൻ ശ്രമിച്ചു. എന്നാൽ അപ്രതീക്ഷിത ആക്രമണത്തിൽ പതറാതെ, മഹിളാമണിയമ്മ മോഷ്ടാവിന്റെ കയ്യിലുണ്ടായിരുന്ന കത്തി ബലമായി പിടിച്ചുവാങ്ങി. വൃദ്ധയെന്ന് കരുതിയ ആളിന്റെ ഈ പ്രത്യാക്രമണത്തിൽ മോഷ്ടാവ് പകച്ചുപോയി.

തുടർന്ന് മാലയുമായി ഓടിയ ഇയാളെ നാട്ടുകാർ വളഞ്ഞതോടെ മാല വഴിയിൽ വലിച്ചെറിഞ്ഞു. നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച പ്രതി പദ്മകുമാർ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവാണ്. പിന്നീട് നടത്തിയ തിരച്ചിലിൽ വഴിയിൽ നിന്നും മാലയും താലിയും കണ്ടെടുത്തു.

മാല ഇടണ്ടാന്ന് പൊലീസ് പറഞ്ഞതോടെ മാല ഊരി വച്ചിരിക്കുകയാണ് 77കാരി. സംഭവത്തിന് പിന്നാലെ പ്രദേശത്തെ എല്ലാവരും മാല ഊരിയെന്നാണ് വയോധിക ചിരിയോടെ പ്രതികരിക്കുന്നത്. ഇനി മാലയിടുന്നില്ല, ശരീരം മാത്രം നോക്കിയാ മതിയല്ലോ പേടി വേണ്ടല്ലോയെന്ന നിലപാടിലാണ് ഇവർ.