മദ്യലഹരിയിൽ കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ വെച്ച് പാപ്പാന്‍റെ അഭ്യാസം; കുട്ടി താഴെവീണു | Inebriated Mahout Places 5-Month-Old Baby on Elephant’s Tusks | Kerala
Last Updated:
കഴിഞ്ഞ ഓഗസ്റ്റിൽ രണ്ട് പാപ്പാന്മാരെ ആക്രമിക്കുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത ‘ഹരിപ്പാട് സ്കന്ദൻ’ എന്ന ആനയുടെ അടുത്തേക്കായിരുന്നു കുഞ്ഞുമായി ഇവർ എത്തിയത്
ആലപ്പുഴ: മദ്യലഹരിയിൽ സ്വന്തം കുഞ്ഞുമായി ആനയുടെ മുന്നിൽ അഭ്യാസം നടത്തി പാപ്പാൻ. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആനകൊമ്പിൽ ഇരുത്തിയാണ് പാപ്പാന്റെ അഭ്യാസം. ഇതിനിടയിൽ കുഞ്ഞ് പാപ്പാന്റെ കയ്യിൽ നിന്ന് വഴുതി വീഴുകയും ചെയ്തു. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാനായ കൊട്ടിയം അഭിലാഷ് ആണ് സാഹസം കാണിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ചോറൂണിന് ശേഷമാണ് പിഞ്ചുകുഞ്ഞുമായി പാപ്പാൻ ആനത്താവളത്തിലെത്തിയത്. അവിടെ വെച്ച് മദ്യലഹരിയിലായിരുന്ന പാപ്പാൻ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്താനും ആനയുടെ അടിയിലൂടെ നടക്കാനും ശ്രമിക്കുകയായിരുന്നു. ഈ അപകടകരമായ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പാപ്പാന്മാരും മദ്യപിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ രണ്ട് പാപ്പാന്മാരെ ആക്രമിക്കുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത ‘ഹരിപ്പാട് സ്കന്ദൻ’ എന്ന ആനയുടെ അടുത്തേക്കായിരുന്നു കുഞ്ഞുമായി ഇവർ എത്തിയത്. പാപ്പാനെ കൊന്നതിനെത്തുടർന്ന് മാസങ്ങളായി ചങ്ങലയിട്ടു തളച്ചിരുന്ന ആനയാണിത്. ഇതുവരെ ഇവിടെനിന്ന് ആനയെ മാറ്റിയിരുന്നില്ല. കെട്ടിയ സ്ഥലത്ത് തന്നെയാണ് ആനയ്ക്ക് ഭക്ഷണമടക്കം നൽകുന്നത്. ഈ ആനയുടെ അടുത്തേക്കാണ് പാപ്പാൻ കുട്ടിയുമായെത്തിയത്.
Alappuzha,Kerala
