Leading News Portal in Kerala

രൂപ ഡോളർ ആയി! കേരള സർവകലാശാല ഓൺലൈൻ പ്രഭാഷണത്തിന് വിദേശമാധ്യമപ്രവർത്തകന് 20,000 രൂപയ്ക്ക് പകരം 17 ലക്ഷം!| Kerala University Accidentally Transfers Rs 17 Lakh to Foreign Speaker | Kerala


Last Updated:

പണം കൈമാറ്റ വിഷയം പല തവണ സിൻഡിക്കറ്റിൽ വന്നെങ്കിലും കമ്മിറ്റികൾ രൂപീകരിച്ചതല്ലാതെ നിയമ നടപടിക്കു സർവകലാശാല നടപടി സ്വീകരിച്ചിരുന്നില്ല

കേരള സർവകലാശാല
കേരള സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ ഓൺലൈൻ പ്രഭാഷണം നടത്തിയതിനുള്ള പ്രതിഫലമായി വിദേശ പത്രപ്രവർത്തകന് 20,000 രൂപയ്ക്കു പകരം നൽകിയത് 20,000 ഡോളർ (ഏകദേശം 17 ലക്ഷം രൂപ). രൂപയ്ക്ക് പകരം ഡോളർ ആയിപ്പോയതാണ് അബദ്ധത്തിന് കാരണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാനും രേഖകൾ ഡിജിപിക്ക് കൈമാറാനും വൈസ് ചാൻ‌സലർ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാർക്ക് നിർദേശം നൽകി.

വർഷങ്ങൾക്ക് മുൻപാണ് പ്രഭാഷണം നടത്തിയത്. പ്രഭാഷണം നടത്തിയ എഴുത്തുകാരനും പത്രപ്രവർത്തകനുമായ മിലൻ സിമെ മാർട്ടിനിച്ചിന്റെ ഭാര്യ കാത്ലീന്റെ കൺസൽട്ടിങ് സ്ഥാപനം വഴിയാണ് മിലനെ പ്രഭാഷണത്തിനായി സർവകലാശാല സെന്റർ ബന്ധപ്പെട്ടത്. പണം നൽകിയതും ഈ സ്ഥാപനത്തിനാണ്. മിലൻ 2024ൽ മരിച്ചു. അബദ്ധം പറ്റിയതാണെന്ന് അറിയിച്ച് ബാക്കി പണം തിരികെ ലഭിക്കാൻ നടത്തിയ ശ്രമവും വിജയിച്ചില്ല.

പണം കൈമാറ്റ വിഷയം പല തവണ സിൻഡിക്കറ്റിൽ വന്നെങ്കിലും കമ്മിറ്റികൾ രൂപീകരിച്ചതല്ലാതെ നിയമ നടപടിക്കു സർവകലാശാല നടപടി സ്വീകരിച്ചിരുന്നില്ല. ലാറ്റിൻ അമേരിക്കൻ സെന്റർ ഡയറക്ടർ ഡോ. ആർ ഗിരീഷ് കുമാർ ബാങ്കിങ് ഓംബുഡ്സ്മാന് 2023 ഒക്ടോബർ 13ന് പരാതി നൽകിയിരുന്നു.

ബാങ്കിന്റെ വീഴ്ച‌യാണെന്നതിനാൽ ജീവനക്കാരിൽ നിന്നു പണം ഈടാക്കി നൽകാമെന്ന് ബാങ്ക് അറിയിച്ചതു കൊണ്ടാണ് നടപടികൾ വൈകിയതെന്നതാണു വിശദീകരണം. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി കഴിഞ്ഞ ദിവസം ഗവർണർക്ക് നിവേദനം നൽകിയിരുന്നു.