Leading News Portal in Kerala

താജുദ്ദീന് കള്ളക്കേസിൽ 14 ലക്ഷം നഷ്ടപരിഹാരം: ഹൈക്കോടതി ഉത്തരവ് | High court orders 14 lakh compensation to NRI for illegal jail for 54 days in theft case | Kerala


Last Updated:

തെളിവെടുപ്പിന്റെ പേരിൽ പൊതുജനമധ്യത്തിലും ബന്ധുവീടുകളിലും കൊണ്ടുപോയി ഇദ്ദേഹത്തെ ക്രൂരമായി അപമാനിക്കുകയും ചെയ്തു

News18
News18

കൊച്ചി: മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ സർക്കാർ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പി.എം. മനോജ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്. തലശ്ശേരി കതിരൂര്‍ സ്വദേശി താജുദ്ദീനെയാണ് ചക്കരക്കല്‍ പൊലീസ് മാലമോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്. ഈ കേസിൽ 2018-ല്‍ 54 ദിവസമാണ് താജുദ്ദീന് ജയിലിൽ കിടക്കേണ്ടി വന്നത്.

കേസില്‍ പ്രതിയായതോടെ താജുദ്ദീന് വിദേശത്തെ ജോലി നഷ്ടമാകുകയും ചെയ്തിരുന്നു. ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ താജുദ്ദീനെ ഒരു മാലമോഷണക്കേസിലെ സിസിടിവി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

2018 ജൂലൈയിൽ വീടിന് സമീപം ചെളിയിൽ താഴ്ന്ന പോലീസ് ജീപ്പിനെ സഹായിക്കാൻ നടുവേദന കാരണം ഇറങ്ങാതിരുന്നതിലുള്ള വൈരാഗ്യമാണ് പൊലീസ് ഈ പ്രവാസിക്കെതിരെ തിരിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിലെ നേരിയ സാദൃശ്യം മാത്രം വെച്ച് ഇദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുകയും ശാസ്ത്രീയമായ അന്വേഷണത്തിനുള്ള താജുദ്ദീന്റെ അപേക്ഷകൾ പോലീസ് തള്ളിക്കളയുകയുമായിരുന്നു.

താനല്ല കുറ്റം ചെയ്തതെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞിട്ടും പോലീസ് അത് ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല, തെളിവെടുപ്പിന്റെ പേരിൽ പൊതുജനമധ്യത്തിലും ബന്ധുവീടുകളിലും കൊണ്ടുപോയി ഇദ്ദേഹത്തെ ക്രൂരമായി അപമാനിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് 54 ദിവസമാണ് താജുദ്ദീന് ജയിലിൽ കഴിയേണ്ടി വന്നത്.

പിന്നീട് താജുദ്ദീന്റെ ഭാര്യ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ഡിവൈഎസ്‌പി നടത്തിയ പുനരന്വേഷണത്തിലാണ് ശരത് വത്സരാജ് എന്ന യഥാർത്ഥ പ്രതി പിടിയിലാകുന്നത്. ഇതിനുശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും, ജോലിസ്ഥലത്ത് കൃത്യസമയത്ത് തിരിച്ചെത്താൻ കഴിയാത്തതിനാൽ ഖത്തറിലും ഇദ്ദേഹത്തിന് 23 ദിവസം ജയിൽവാസം അനുഭവിക്കേണ്ടി വരികയും ജോലി നഷ്ടമാവുകയും ചെയ്തു. കോടതി വിധിയനുസരിച്ച് താജുദ്ദീന് 10 ലക്ഷം രൂപയും മനോവിഷമം അനുഭവിച്ച ഭാര്യക്കും മൂന്ന് മക്കൾക്കും ഓരോ ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകണം. ഈ തുക അന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്‌ഐ പി. ബിജു, എഎസ്‌ഐമാരായ യോഗേഷ്, ടി. ഉണ്ണികൃഷ്ണൻ എന്നിവരിൽ നിന്ന് ഈടാക്കാൻ സർക്കാരിന് തീരുമാനിക്കാവുന്നതാണ്. പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം ഉത്തരവാദിത്തമില്ലാത്ത നടപടികൾ ഉണ്ടാകരുതെന്ന് കോടതി കർശനമായി മുന്നറിയിപ്പ് നൽകി. അഡ്വ. ടി. ആസഫലി വഴിയാണ് താജുദ്ദീനും കുടുംബവും കോടതിയെ സമീപിച്ചത്.

പബ്ലിക് ലോ റെമഡി

സർക്കാർ സംവിധാനം പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് പബ്ലിക് ലോ റെമഡി പ്രകാരം നഷ്ടപരിഹാരം നൽകാൻ കോടതികൾ ഉത്തരവിടുന്നത്.