‘മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായദിശയിൽ പോകണം; ഉന്നത നേതാക്കളെ ഒഴിവാക്കുന്നത് ദുരൂഹമെന്ന് കുമ്മനം | bjp leader kummanam rajasekharan criticises sit investigation in sabarimala gold theft | Kerala
Last Updated:
ശബരിമല ക്ഷേത്രത്തിൽ മകരവിളക്ക് നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ആ ക്ഷേത്രത്തിന്റെ തന്ത്രിയായിരുന്ന ഒരാൾ അറസ്റ്റ് ചെയ്യപ്പെടുന്നത് ഞെട്ടിക്കുന്നതാണെന്നും ബിജെപി നേതാവ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരായ സർക്കാർ നിലപാട് ദുരൂഹമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായി എന്നും ഈ അന്വേഷണത്തിൽ ചില സംശയങ്ങളുണ്ട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസിലെ അന്വേഷണം അതിന്റെ ശരിയായ ദിശയിൽത്തന്നെ പോകണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകണം. അത് ആരായിരുന്നാലും. അത് മന്ത്രിയായിരുന്നാലും തന്ത്രിയായിരുന്നാലും, കുമ്മനം ചൂണ്ടിക്കാട്ടി.
ഇതിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. സിപിഎമ്മിന്റെ പല നേതാക്കൻമാരെയും എന്തുകൊണ്ട് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ എസ്‌ഐടിക്ക് കഴിയുന്നില്ല. ചില നീക്കുപോക്കുകളൊക്കെ ഇതിൽ നടന്നിട്ടുണ്ട് എന്നുള്ള സംശയം ഭക്തജനങ്ങൾക്കുണ്ട്. മുന്‍ ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു, പക്ഷേ പിന്നീട് എന്തുണ്ടായി എന്ന് കുമ്മനം ചോദിച്ചു. ദേശീയ അന്തര്‍ദ്ദേശീയ മാനമുള്ള കേസായതിനാല്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കണം.
എന്നാല്‍ ഈഡി, സിബിഐ തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണത്തെ എതിര്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്. രാജ്യാന്തര ബന്ധമുള്ള സംഭവത്തില്‍ ദേശീയ ഏജന്‍സികള്‍ വേണ്ട എന്ന നിലപാട് അന്വേഷണത്തില്‍ ചില നീക്കുപോക്കുകള്‍ ഉണ്ട് എന്ന സംശയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം അടൂര്‍ പ്രകാശ്, സോണിയാ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ ഉന്നതരിലേക്കും എത്തണം. കേവലം ഒരു തന്ത്രിയില്‍ ഒതുക്കേണ്ട വിഷയം അല്ല ഇതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ശബരിമല ക്ഷേത്രത്തിൽ മകരവിളക്ക് നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ആ ക്ഷേത്രത്തിന്റെ തന്ത്രിയായിരുന്ന ഒരാൾ അറസ്റ്റ് ചെയ്യപ്പെടുന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Thiruvananthapuram,Kerala
Jan 09, 2026 10:41 PM IST
‘മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായദിശയിൽ പോകണം; ഉന്നത നേതാക്കളെ ഒഴിവാക്കുന്നത് ദുരൂഹമെന്ന് കുമ്മനം
