തിരുവനന്തപുരം നഗരത്തിൽ സമരങ്ങൾ വേണോ? കൗൺസിലർമാരോട് ഗവർണർ Governor rajendra arlekkar asks about the necessity of protests in Thiruvananthapuram city to corporation councilors | Kerala
Last Updated:
തിരുവനന്തപുരം നഗരസഭ കൗൺസിലർമാർക്കായി ലോക്ഭവനിൽ ഒരുക്കിയ വിരുന്നിലാണ് ഗവർണർ അഭിപ്രായം പങ്കുവെച്ചത്
തിരുവനന്തപുരം നഗരത്തിലെ ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള സമരങ്ങൾ ഒഴിവാക്കാൻ ഡൽഹി മാതൃകയിൽ പ്രത്യേക സമര കേന്ദ്രം വേണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. നഗരസഭ കൗൺസിലർമാർക്കായി ലോക്ഭവനിൽ ഒരുക്കിയ വിരുന്നിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. നഗരമധ്യത്തിലെ സമരങ്ങൾ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും മുമ്പ് ലോക്ഭവനിലേക്ക് എത്തിയ ഒരു അതിഥിക്ക് സമരം കാരണം തടസ്സം നേരിട്ട സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കോർപ്പറേഷനിലെ നൂറ് കൗൺസിലർമാരെയും ഗവർണർ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗം വിളിച്ചുചേർക്കുന്നത്. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് നേതാക്കൾ സംസാരിക്കുകയും നഗരവികസനത്തിനായുള്ള നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. ബി.ജെ.പിക്ക് വേണ്ടി മേയർ വി.വി. രാജേഷും കോൺഗ്രസിന് വേണ്ടി ശബരീനാഥനും സി.പി.എമ്മിന് വേണ്ടി എസ്.പി. ദീപക്കും യോഗത്തിൽ സംസാരിച്ചു.
കേന്ദ്ര സർക്കാരിൽ നിന്നുള്ള വിവിധ പദ്ധതികൾക്കും സഹായങ്ങൾക്കും സംസ്ഥാനത്തിന് പിന്തുണ നൽകണമെന്ന് സി.പി.എം പ്രതിനിധി എസ്.പി. ദീപക്ക് ഗവർണറോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മറുപടി പ്രസംഗത്തിലാണ് നഗരമധ്യത്തിലെ സമരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് ഗവർണർ സംസാരിച്ചത്. നേരത്തെ മേയർ വി.വി. രാജേഷ് ഗവർണറെ സന്ദർശിച്ചപ്പോൾ തലസ്ഥാന നഗരിയുടെ വികസനം ചർച്ച ചെയ്യാൻ ഇത്തരമൊരു യോഗം വിളിക്കുന്ന കാര്യം ഗവർണർ സൂചിപ്പിച്ചിരുന്നു. വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെ ലോക്ഭവനിൽ വെച്ചാണ് യോഗം നടന്നത്.
New Delhi,New Delhi,Delhi
