മലയാള ഭാഷാ ബിൽ:’കർണാടകയുടേത് തെറ്റായ നിലപാട്;കേരളം ഭാഷാ ന്യൂനപക്ഷങ്ങൾക്കൊപ്പം’;മന്ത്രി രാജീവ് Karnataka Chief Ministers stance is wrong in Malayalam Language Bill Kerala stands with linguistic minorities says minister P Rajeev | Kerala
Last Updated:
കന്നഡ, തമിഴ് ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവരവരുടെ ഭാഷയിൽ പഠിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ള ബില്ലാണ് ഇപ്പോൾ നിയമസഭ പാസാക്കിയിരിക്കുന്നതെന്നും മന്ത്രി
2025ലെ മലയാള ഭാഷാ ബിൽ സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത് വളരെ തെറ്റായ നിലപാടാണെന്നും കേരളം ഭാഷാ ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്നും മന്ത്രി പി രാജീവ്.കർണാടക മുഖ്യമന്ത്രി പറയുന്നത് പോലെയല്ല കേരളം നിയമസഭ പാസാക്കിയ ബിൽ. 2015ൽ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പാസ്സാക്കിയ ബില്ലിൽ ഭാഷാന്യൂനപക്ഷക്കാരുടെ അവകാശം സംരക്ഷിക്കുന്ന ഈ ഭാഗം ഉണ്ടായിരുന്നില്ല. കന്നഡ, തമിഴ് ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവരവരുടെ ഭാഷയിൽ പഠിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ള ബില്ലാണ് ഇപ്പോൾ നിയമസഭ പാസാക്കിയിരിക്കുന്നതെന്നും മന്ത്രി പി രാജീവ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ബില്ലിന്റെ അദ്ധ്യായം 3 ലാണ് ഔദ്യോഗിക ഭാഷയുടെ ഉപയോഗത്തെ കുറിച്ച് പറയുന്നത്. അതിൽ അഞ്ചാം ഖണ്ഡത്തിൽ പറയുന്നത് ഔദ്യോഗിക ഭാഷ മേഖലയെ കുറിച്ചാണ്, ആറാം ഖണ്ഡത്തിൽ പറയുന്നത് വിദ്യാഭ്യാസ – ഗവേഷണ മേഖലയെ കുറിച്ചും. ബില്ലിന്റെ ഏഴാം ഖണ്ഡത്തിലാണ് ഇതര സംസ്ഥാന-ഭാഷ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ പറയുന്നത്.മലയാളഭാഷയല്ലാതെ മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാർഥികൾക്ക് ദേശീയപാഠ്യപദ്ധതിക്കനുസൃതമായി അവർക്കിഷ്ടമുള്ളതും സംസ്ഥാനത്തെ സ്കൂളുകളിൽ ലഭ്യമായതുമായ ഭാഷകൾ തിരഞ്ഞെടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളിക്കെതിരെ കർണാടക മുഖ്യമന്ത്രി തെറ്റായ കാര്യങ്ങൾ സംസാരിക്കുമ്പോൾ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശവും ബില്ലിൽ സംരക്ഷിച്ചിട്ടുണ്ട് എന്ന് പറയേണ്ട ഉത്തരവാദിത്തം കേരളത്തിലെ കോൺഗ്രസിനുണ്ടെന്നും കർണാടകയുമായും നല്ല ബന്ധം സൂക്ഷിക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കി കുറിപ്പിൽ പറഞ്ഞു.
2025ലെ മലയാള ഭാഷാ ബിൽ സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത് വളരെ തെറ്റായ നിലപാടാണ്. നിയമസഭ 2015ൽ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പാസ്സാക്കി രാഷ്ട്രപതിക്കയച്ച ബില്ലിന് അംഗീകാരം കിട്ടിയിരുന്നില്ല. അതിൻ്റെ എല്ലാഭാഗങ്ങളും പരിശോധിച്ചാണ് പുതിയ ബിൽ ഇത്തവണ നിയമസഭയിൽ അവതരിച്ചു സഭ ഏകകണ്ഠമായി പാസ്സാക്കി ഗവർണർക്ക് അയച്ചിട്ടുള്ളത്. കർണാടക മുഖ്യമന്ത്രി പറയുന്ന ഭാഗങ്ങളൊന്നും പുതിയ ബില്ലിൽ ഇല്ല. ബില്ലിന്റെ അദ്ധ്യായം 3 ലാണ് ഔദ്യോഗിക ഭാഷയുടെ ഉപയോഗത്തെ കുറിച്ച് പറയുന്നത്. അതിൽ അഞ്ചാം ഖണ്ഡത്തിൽ പറയുന്നത് ഔദ്യോഗിക ഭാഷ മേഖലയെ കുറിച്ചാണ്, ആറാം ഖണ്ഡത്തിൽ പറയുന്നത് വിദ്യാഭ്യാസ – ഗവേഷണ മേഖലയെ കുറിച്ചും. എന്നാൽ ബില്ലിന്റെ ഏഴാം ഖണ്ഡത്തിൽ പറയുന്നത് ഇതര സംസ്ഥാന-ഭാഷ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ ആണ്.
5-ാം വകുപ്പിലോ 6-ാം വകുപ്പിലോ എന്തുതന്നെയടങ്ങിയിരുന്നാലും,
(1) സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷക്കാർ സംസ്ഥാന ഗവൺമെന്റ് സെക്രട്ടറിയറ്റുമായും വകുപ്പധ്യക്ഷൻമാരുമായും ഇക്കാര്യത്തിൽ ഭാഷാന്യൂനപക്ഷ പ്രദേശങ്ങളെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനസർക്കാരിന്റെ എല്ലാ പ്രാദേശിക ഓഫീസുകളുമായുള്ള അവരുടെ കത്തിടപാടുകളിൽ അവരുടെ ഭാഷകൾ ഉപയോഗിക്കാവുന്നതും അങ്ങനെയുള്ള സംഗതികളിൽ അയയ്ക്കുന്ന മറുപടികൾ അതതു ന്യൂനപക്ഷഭാഷയിൽത്തന്നെ ആയിരിക്കേണ്ടതുമാണ്.
(2) മലയാളഭാഷയല്ലാതെ മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാർഥികൾക്ക് ദേശീയപാഠ്യപദ്ധതിക്കനുസൃതമായി അവർക്കിഷ്ടമുള്ളതും സംസ്ഥാനത്തെ സ്കൂളുകളിൽ ലഭ്യമായതുമായ ഭാഷകൾ തിരഞ്ഞെടുക്കാവുന്നതാണ്.
(3) ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും കേരളത്തിൽ വന്നു പഠിക്കുന്ന വിദ്യാർഥികളെ സംബന്ധിച്ച് IX-ാം സ്റ്റാൻഡേർഡിലും X-ാം സ്റ്റാൻഡേർഡിലും ഹയർസെക്കൻഡറിതലത്തിലും മലയാളപരീക്ഷ എഴുതുന്നത് നിർബന്ധമല്ലാത്തതാണ്.
കർണാടക മുഖ്യമന്ത്രി പറയുന്നത് പോലെയല്ല കേരളം നിയമസഭ പാസാക്കിയ ബിൽ. 2015ൽ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പാസ്സാക്കിയ ബില്ലിൽ ഭാഷാന്യൂനപക്ഷക്കാരുടെ അവകാശം സംരക്ഷിക്കുന്ന ഈ ഭാഗം ഉണ്ടായിരുന്നില്ല. കന്നഡ, തമിഴ് ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവരവരുടെ ഭാഷയിൽ പഠിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ള ബില്ലാണ് ഇപ്പോൾ നിയമസഭ പാസാക്കിയിരിക്കുന്നത്. മലയാളിക്കെതിരെ കർണാടക മുഖ്യമന്ത്രി തെറ്റായ കാര്യങ്ങൾ സംസാരിക്കുമ്പോൾ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശവും ബില്ലിൽ സംരക്ഷിച്ചിട്ടുണ്ട് എന്ന് പറയേണ്ട ഉത്തരവാദിത്തം കേരളത്തിലെ കോൺഗ്രസിനുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള സംഘർഷം ഒരുവിധത്തിലും ഉണ്ടാകരുതെന്ന നിലപാടാണ് ഞങ്ങളുടേത്. കർണാടകയുമായും നല്ല ബന്ധം സൂക്ഷിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇത്തരം ഘട്ടത്തിൽ സംശയങ്ങളുണ്ടെങ്കിൽ സർക്കാരിനോട് ചോദിക്കുകയാണ് കർണാടക സർക്കാർ ചെയ്യേണ്ടത്. അത് ചെയ്യാതെ അനാവശ്യമായ പരസ്യ പ്രസ്താവന നടത്തി ചർച്ചകളെ വഴിതിരിച്ചുവിടാനാണ് കർണാടക സർക്കാർ ശ്രമിക്കുന്നത്. ഇതിന് മൗന പിന്തുണ നൽകുകയാണ് കേരളത്തിലെ കോൺഗ്രസ്.
Thiruvananthapuram,Kerala
