Leading News Portal in Kerala

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റ് കാനഡയിൽ നിന്നുള്ള ഇ മെയിൽ പരാതിയിൽ; റൂം നമ്പർ 2002 | Rahul mamkootttahil arrest follows complaint sent via email from Canada | Kerala


Last Updated:

പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ‘നീല ട്രോളി ബാഗ്’ വിവാദത്തിന് വേദിയായ അതേ ഹോട്ടലിൽ വെച്ച് തന്നെയാണ് രാഹുൽ പിടിയിലായത്

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: മൂന്നാം ബലാത്സം​ഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ. ഇന്നലെ ഉച്ചമുതല്‍ തന്നെ പാലക്കാട് എംഎല്‍എ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. രാഹുല്‍ മുറിയില്‍ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഘം ഹോട്ടലിലേക്ക് എത്തിയത്.

പൂങ്കുഴലി ഐപിഎസിന്റെ കൃത്യമായ പ്ലാനിംഗും പഴുതടച്ച നീക്കങ്ങളുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ചത്. മൂന്ന് ദിവസം മുൻപ് കാനഡയിലുള്ള തിരുവല്ല സ്വദേശിനി മുഖ്യമന്ത്രിക്ക് നേരിട്ട് ഇമെയിൽ വഴി പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരാതിയിലെ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം ഉടനടി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

പരാതിക്കാരിയായ യുവതി നാളെ നാട്ടിലെത്താനിരിക്കെ, അതിനു മുൻപുതന്നെ രാഹുലിനെ വലയിലാക്കാനുള്ള നീക്കമാണ് പോലീസ് നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് സംഘം രാഹുലിനെ നിഴൽപോലെ പിന്തുടരുകയായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന അതേ ഹോട്ടലിൽത്തന്നെ പോലീസ് ഉദ്യോഗസ്ഥർ രഹസ്യമായി മുറിയെടുത്ത് അദ്ദേഹത്തിന്റെ ഓരോ യാത്രകളും നീക്കങ്ങളും നിരീക്ഷിച്ചുവരികയായിരുന്നു.

തിരുവല്ലയിൽ വെച്ച് പീഡിപ്പിച്ചു എന്നതിന് പുറമെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. പാലക്കാട് വെച്ചും താൻ ചൂഷണത്തിന് ഇരയായെന്നും അവിടെ രാഹുലിന് ഫ്ലാറ്റ് എടുത്തു നൽകാൻ തന്നിൽ സമ്മർദ്ദം ചെലുത്തിയെന്നും യുവതി ആരോപിക്കുന്നു. തന്നെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും യുവതി വീഡിയോ കോൺഫറൻസിലൂടെ മൊഴി നൽകിയിട്ടുണ്ട്. ഈ നിർണ്ണായക മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

വിവരങ്ങൾ ചോരാതിരിക്കാനും രാഹുൽ രക്ഷപ്പെടാതിരിക്കാനും അതീവ രഹസ്യമായാണ് പൂങ്കുഴലി ഐപിഎസ് ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. അറസ്റ്റിന് തൊട്ടു മുൻപുള്ള മണിക്കൂറുകളിൽ ഷൊർണ്ണൂർ ഡിവൈഎസ്പിയെ മാത്രം വിശ്വാസത്തിലെടുത്താണ് അവർ ഈ നീക്കം നടത്തിയത്.

ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കെപിഎം റീജൻസി ഹോട്ടലിലെത്തിയ ഉടൻ തന്നെ വിവരം പുറത്തുപോകാതിരിക്കാൻ റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്തു. രാഹുലിന്റെ സഹായികളോ ഡ്രൈവറോ ഒപ്പമില്ലെന്ന് ഉറപ്പുവരുത്തിയ പോലീസ് സംഘം രാത്രി 12.15-ഓടെ അദ്ദേഹം താമസിച്ചിരുന്ന ‘2002’ നമ്പർ മുറിയിലെത്തി. ആദ്യം വാതിൽ തുറക്കാൻ രാഹുൽ വിസമ്മതിച്ചെങ്കിലും, കസ്റ്റഡി നടപടികൾക്കായി എത്തിയതാണെന്ന് പോലീസ് വ്യക്തമാക്കിയതോടെ 12.30-ഓടെ പുറത്തുവരികയും തുടർന്ന് കസ്റ്റഡി രേഖപ്പെടുത്തുകയുമായിരുന്നു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ‘നീല ട്രോളി ബാഗ്’ വിവാദത്തിന് വേദിയായ അതേ ഹോട്ടലിൽ വെച്ച് തന്നെയാണ് രാഹുൽ പിടിയിലാകുന്നത് എന്നത് ശ്രദ്ധേയമാണ്. 2024 നവംബർ അഞ്ചിനാണ് പണമിടപാട് ആരോപിച്ച് പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും അന്ന് തെളിവുകളുടെ അഭാവത്തിൽ രാഹുലിനെ തൊടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അന്ന് പാളിപ്പോയ നീക്കങ്ങൾക്ക് മറുപടിയെന്നോണം, കൃത്യമായ പ്ലാനിംഗിലൂടെയും പഴുതടച്ച തെളിവുകളിലൂടെയും ഇതേ ഹോട്ടലിൽ വെച്ച് തന്നെ ഇത്തവണ പോലീസ് രാഹുലിനെ പിടികൂടി.