‘രാഹുൽ മുഖത്തടിച്ചു, മുറിവേൽപ്പിച്ചു; ചെരിപ്പ് വാങ്ങാൻ 10,000 രൂപ ചോദിച്ചു’; മൂന്നാം കേസിലെ പരാതിക്കാരി | Complainant’s statement out in the third case against Rahul Mamkootathil | Kerala
Last Updated:
ചെരിപ്പ് വാങ്ങാൻ മാത്രം രാഹുലിന് പതിനായിരം രൂപ യുപിഐ വഴി അയച്ചുകൊടുത്തതിന്റെ തെളിവുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ യുവതി പോലീസിന് കൈമാറി
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിക്കപ്പെട്ട മൂന്നാം ബലാത്സംഗക്കേസിൽ സാമ്പത്തിക ഇടപാടുകളുടെ തെളിവടക്കം പൊലീസിന് കൈമാറിയെന്ന് സൂചന. ലൈംഗിക പീഡനത്തിന് പുറമെ സാമ്പത്തിക ചൂഷണവും ക്രൂരമായ ശാരീരിക ഉപദ്രവവും രാഹുൽ നടത്തിയെന്നാണ് യുവതിയുടെ മൊഴി. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്ത് സോഷ്യൽ മീഡിയ വഴി തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി രാഹുൽ ബന്ധം തുടരുകയും, യുവതിയുടെ വിവാഹബന്ധം വേർപെടുത്താൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ നിർബന്ധിച്ചതായും ഒരു കുഞ്ഞുണ്ടായാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചതായും യുവതി പറയുന്നു. പൊതുപ്രവർത്തകനായതിനാൽ പുറത്തുവെച്ച് കാണാൻ കഴിയില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ മുറിയെടുക്കാൻ യുവതിയോട് ആവശ്യപ്പെട്ട രാഹുൽ, അവിടെവെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ഹോട്ടൽ മുറിയിൽ എത്തിയ ഉടൻ തന്നെ യാതൊരു പ്രകോപനവുമില്ലാതെ കടന്നാക്രമിച്ചുവെന്നും ലൈംഗിക ബന്ധത്തിനിടെ മുഖത്ത് അടിക്കുകയും തുപ്പുകയും ശരീരത്തിൽ മുറിവുകൾ ഏൽപ്പിക്കുകയും ചെയ്തുവെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. പിന്നീട് ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയും കുഞ്ഞ് മറ്റാരുടേതെങ്കിലും ആകുമെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. ഈ അപമാനത്തിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്കായി ലാബിനെ സമീപിച്ചത്. എന്നാൽ രാഹുൽ സാമ്പിൾ നൽകാൻ തയ്യാറായില്ല. രാഹുലിന്റെ ഭാഗത്തുനിന്നുള്ള കടുത്ത മാനസിക സമ്മർദ്ദത്തെത്തുടർന്ന് ഗർഭം അലസിയപ്പോൾ വിവരം അറിയിക്കാൻ ശ്രമിച്ച യുവതിയെ രാഹുൽ ഫോണിൽ ബ്ലോക്ക് ചെയ്യുകയും ഇമെയിലുകൾക്ക് മറുപടി നൽകാതിരിക്കുകയും ചെയ്തു. പിന്നീട് രാഹുലിന്റെ സഹായി ഫെന്നി നൈനാനെയാണ് യുവതി വിവരം അറിയിച്ചത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ബന്ധപ്പെട്ട രാഹുൽ, ഒരുമിച്ച് ജീവിക്കാനായി അവിടെ ഒരു ഫ്ലാറ്റ് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഇതിനായി ഇരുവരും ചേർന്ന് ഒരു ബിൽഡർ ഗ്രൂപ്പിനെ സമീപിച്ചിരുന്നു. കൂടാതെ, രാഹുലിന് വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും യുവതി വാങ്ങി നൽകിയിട്ടുണ്ട്. ചെരിപ്പ് വാങ്ങാൻ മാത്രം പതിനായിരം രൂപ യുപിഐ വഴി അയച്ചുകൊടുത്തതിന്റെ തെളിവുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ പോലീസിന് കൈമാറി. രാഹുലിനെതിരെ മറ്റ് പീഡന പരാതികൾ ഉയർന്നപ്പോൾ താനും പരാതിയുമായി മുന്നോട്ട് പോകുമെന്ന് തിരിച്ചറിഞ്ഞ രാഹുൽ, യുവതിയുടെ കുടുംബത്തെയും മാതാപിതാക്കളെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇമെയിൽ വഴി നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഭ്രൂണത്തിന്റെ സാമ്പിൾ ശേഖരിച്ചുവെച്ച കേസായതിനാൽ രാഹുലിന് ജാമ്യം ലഭിക്കുന്നത് എളുപ്പമാകില്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Palakkad,Kerala
Jan 11, 2026 10:12 AM IST
