Leading News Portal in Kerala

‘ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി| kerala High Court Slams SIT for Not Arresting Accused kp sankaradas in Sabarimala Gold theft Case | Kerala


Last Updated:

കെ പി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോയടക്കം ഇന്ന് പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം

കെ പി ശങ്കരദാസ്, ഹൈക്കോടതി
കെ പി ശങ്കരദാസ്, ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ (SIT) വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെ പി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഒരാള്‍ പ്രതി ചേർത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്‍പിയാണെന്നും അതാണ് ആശുപത്രിയിൽ പോയതെന്നും ജസ്റ്റിസ് ബദ്റുദ്ദീൻ വിമർശിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജ്വല്ലറി വ്യാപാരി ഗോവര്‍ധൻ അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജികൾ‌ വിധി പറയാനായി മാറ്റി.

കെ പി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോയടക്കം ഇന്ന് പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍റെ നടപടികളോട് യോജിപ്പില്ലെന്നും എസ്ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ശബരിമലയിലെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍, മുരാരി ബാബു എന്നീ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പത്മകുമാറിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒരുകാരണവശാലം ഒഴിയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനായിരുന്നെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡെന്നും കോടതി ചോദിച്ചു. ശബരിമലയിലെ ശ്രീകോവിൽ വാതിൽ സ്വർണം പൂശിയത് താനെന്നാണ് ഗോവര്‍ധൻ ജാമ്യാപേക്ഷയിൽ വാദിച്ചത്. അതിന് 35 ലക്ഷം രൂപ ചെലവായെന്നും അയ്യപ്പഭക്തനാണ് താനെന്നും വാറണ്ടി രേഖകള്‍ തന്‍റെ പക്കലുണ്ടെന്നും ഗോവർധൻ വാദിച്ചു. ജാമ്യ ഹര്‍ജിയിൽ വാദം കേട്ട ഹൈക്കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

ശങ്കരദാസ് ആശുപത്രിയിൽ അബോധാവസ്ഥയിലെന്ന് പ്രതിഭാഗം

ഇന്ന് കൊല്ലം പ്രിന്‍സിപ്പൽ കോടതിയിൽ ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു. ശങ്കരദാസ് ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിലാണെന്നാണ് പ്രതിഭാഗം കോടതിയിൽ അറിയിച്ചത്. മെഡിക്കൽ ഐസിയുവിൽ കിടക്കുന്ന ഫോട്ടോയടക്കം ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

എന്നാൽ, കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തുടര്‍ന്ന്‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേള്‍ക്കുന്നതിന് ജനുവരി 14ലേക്ക് മാറ്റി. എസ്ഐടി ശേഖരിച്ച മെഡിക്കൽ രേഖകൾ 14ന് ഹാജരാക്കണമെന്നാണ് കോടതിയുടെ നിർദേശം. എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ വിജയകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി