‘അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു’; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്| Rahul Easwar Case Thiruvananthapuram Court Issues Notice for Violating Bail Conditions | Kerala
Last Updated:
16 ദിവസത്തെ ജയിൽവാസത്തിന് ശേഷമായിരുന്നു രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചത്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നോട്ടീസ് അയച്ച് കോടതി. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചത്. ഈ മാസം 19ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നും ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഡിസംബർ 15നാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. 16 ദിവസത്തെ ജയിൽവാസത്തിന് ശേഷമായിരുന്നു ജാമ്യം. ഇതിനുപിന്നാലെയാണ് യുവതിയെ അധിക്ഷേപിച്ച് രാഹുൽ ഈശ്വർ വീണ്ടും തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവച്ചത്.
‘സത്യത്തിൽ ആ യുവതിയുടെ ഭർത്താവല്ലേ ഇര. അയാളുടെ സമ്പത്തും ജീവിതവുമല്ലേ തകർന്നത്. ആ ചെറുപ്പക്കാരനോടൊപ്പമാണ് എല്ലാവരും നിൽക്കേണ്ടത്. ഞാൻ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചോ അതിനേക്കാളുപരി ആ ചെറുപ്പക്കാരനോടൊപ്പം നിൽക്കുന്നു. സത്യത്തിൽ അവനാണ് അതിജീവിതൻ. അവനേയും രാഹുലിനെയും പറ്റിച്ചത് ആരാണ്? ചിന്തിച്ചുനോക്കൂ. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ സത്യങ്ങൾ പുറത്തുവരികയാണ്. എന്നെപ്പോലെ ഒരു ശതമാനം ആളുകൾ മാത്രമാണ് സത്യം പറയുന്നത്. കള്ള പരാതികൾക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാം’- എന്നായിരുന്നു രാഹുൽ ഈശ്വര്‍ വീഡിയോയിൽ പറഞ്ഞത്.
Summary: A court has issued a notice to Rahul Easwar in a case involving the alleged cyber-insulting of a woman who filed a sexual assault complaint against Rahul Mamkootathil. The Thiruvananthapuram Additional Chief Judicial Magistrate Court issued the notice based on a petition filed by the prosecution, stating that Rahul Easwar had violated his bail conditions. The notice directs Rahul or his lawyer to appear before the court on the 19th of this month to explain why his bail should not be cancelled.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
Jan 12, 2026 10:18 PM IST
