Leading News Portal in Kerala

കോഴിക്കോട് പഞ്ചായത്ത് പാർക്കിൽ ഊഞ്ഞാൽ പൊട്ടിവീണ് യുവാവിന്റെ തലയ്ക്ക് ഒൻപത് തുന്നൽ|Youth Injured After Swing Collapses at Vanimal Panchayat Park | Kerala


Last Updated:

വാണിമേൽ പഞ്ചായത്ത് പാർക്കിലെ ഊഞ്ഞാൽ ആണ് പൊട്ടിവീണത്

News18
News18

കോഴിക്കോട്: ജനകീയ പങ്കാളിത്തത്തോടെ ഗ്രാമപ്പഞ്ചായത്ത് നിർമ്മിച്ച പാർക്കിൽ ഊഞ്ഞാൽ പൊട്ടിവീണ് യുവാവിന് സാരമായി പരിക്കേറ്റു. വാണിമേൽ പച്ചപ്പാലം സ്വദേശി അഖിലേഷിനാണ് പരിക്കേറ്റത്. വാണിമേൽ പഞ്ചായത്ത് പാർക്കിലെ ഊഞ്ഞാൽ ആണ് പൊട്ടിവീണത്. അപകടത്തിൽ യുവാവിന്റെ തലയ്ക്ക് ഒൻപത് തുന്നലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളുണ്ട്.

കഴിഞ്ഞദിവസം രാത്രി വിശ്രമവേളയിൽ അഖിലേഷ് ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കെ പാരപ്പറ്റും ഇരുമ്പ് തൂണും ഉൾപ്പെടെ അടർന്ന് തലയിലേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ അഖിലേഷിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

കുട്ടികളടക്കം നൂറോളം പേർ ദിവസവും വ്യായാമത്തിനും വിനോദത്തിനുമായി എത്തുന്ന പാർക്കിലെ മറ്റ് ഉപകരണങ്ങളും അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാർക്കിലെ ഇരുമ്പ് ഉപകരണങ്ങൾ പലതും മഴയത്ത് ദ്രവിച്ചു നശിച്ച നിലയിലാണ്.