വിഴിഞ്ഞത്ത് കോൺഗ്രസിന് ജയം; എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് വൻ കുതിപ്പ്; കോർപറേഷനിൽ യുഡിഎഫ് 20 സീറ്റിൽ| local body election result UDF Wrests Vizhinjam Ward from LDF | Kerala
Last Updated:
മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി ജയിച്ചു. എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ചു
തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ് യുഡിഎഫ് എല്‍ഡിഎഫില്‍നിന്ന് തിരിച്ചുപിടിച്ചു. 83 വോട്ടിനാണ് കോൺഗ്രസിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എച്ച് സുധീര്‍ ഖാന്‍ വിജയിച്ചത്. ഹാർബർ വാർഡിലെ മുൻ കൗൺസിലറായിരുന്ന സുധീർഖാന് 2902 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി എന്‍ നൗഷാദിന് 2819 വോട്ടും എന്‍ഡിഎയുടെ ബിജെപി സ്ഥാനാർത്ഥി സര്‍വശക്തിപുരം ബിനുവിന് 2437 വോട്ടും ലഭിച്ചു. ഇതോടെ തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് സീറ്റ് നില 20 ആയി.
വിഴിഞ്ഞം വാർഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയിൽ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം തികയ്‌ക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റെങ്കിലും കഴിഞ്ഞ തവണ കേവലം 316 വോട്ട് മാത്രം നേടിയ പാർട്ടി ഇത്തവണ 2437 വോട്ട് നേടിയെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ സിപിഎം 1542 വോട്ടും കോൺഗ്രസ് വോട്ടുമാണ് നേടിയത്.
സീറ്റ് നിലനിർത്താൻ മത്സരത്തിനിറങ്ങിയ എൽഡിഎഫിനും കനത്ത തിരിച്ചടിയായി. ഏറെക്കാലത്തിന് ശേഷമാണ് വിഴിഞ്ഞം വാർഡ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. 2015ലാണ് കോൺഗ്രസിൽ നിന്നും എൽഡിഎഫ് വിഴിഞ്ഞം സീറ്റ് പിടിച്ചെടുത്തത്. അതിനുശേഷം ഇപ്പോഴാണ് യുഡിഎഫ് വിഴിഞ്ഞത്ത് ജയിക്കുന്നത്.
ഇന്നലെയാണ് വിഴിഞ്ഞം വാർഡിൽ വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്‌തുമാണ് വിജയം ആഘോഷിച്ചത്.
സിപിഎം മുന്‍ കൗണ്‍സിലറും എല്‍ഡിഎഫ് വിമതനുമായ എന്‍ എ റഷീദ് 118 വോട്ട് നേടിയത് എല്‍ഡിഎഫിനു തിരിച്ചടിയായി. യുഡിഎഫ് വിമതനായി കളത്തിലിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹി ഹിസാന്‍ ഹുസൈന്‍ 494 വോട്ട് സ്വന്തമാക്കി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് ഇവിടെ 65 വോട്ടുകൾ ലഭിച്ചു.
മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി ജയിച്ചു. സുബൈദയാണ് 222 വോട്ടുകൾക്ക് വിജയിച്ചത്. സുബൈദക്ക് 501 വോട്ടും സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 279 വോട്ടുകളും ലഭിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് ആകെ 14 വോട്ടുകളാണ് ഇവിടെ ലഭിച്ചത്.
എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ചു. 221 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർത്ഥി സി ബി രാജീവ് ഇവിടെ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടി പിക്ക് 337 വോട്ടുകളാണ് ലഭിച്ചത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
വിഴിഞ്ഞത്ത് കോൺഗ്രസിന് ജയം; എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് വൻ കുതിപ്പ്; കോർപറേഷനിൽ യുഡിഎഫ് 20 സീറ്റിൽ
