Leading News Portal in Kerala

ശബരിമലയിലെ നെയ്യ് വിൽപനയിലും ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു| Sabarimala Ghee Scam Kerala High Court Orders Vigilance Probe into Sale of Shishtam Neyyu | Kerala


Last Updated:

വിൽ‌പന നടത്തിയ 13,679 പാക്കറ്റ് നെയ്യിന്റെ പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ

News18
News18

കൊച്ചി: ഭക്തർ സമർപ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം പാക്കറ്റുകളിലാക്കി വിൽക്കുന്ന ‘ശിഷ്ടം നെയ്യ്’ വിൽപനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് അന്വേഷണത്തിന് കേരള ഹൈക്കോടതി ഉത്തരവിട്ടു. മകരവിളക്ക് സീസൺ തിരക്കിനിടയിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്.

വിൽ‌പന നടത്തിയ 13,679 പാക്കറ്റ് നെയ്യിന്റെ പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. 100 മില്ലി ലിറ്റർ നെയ്യ് വീതമുള്ള ഒരു പാക്കറ്റിന് 100 രൂപ നിരക്കിൽ കണക്കാക്കുമ്പോൾ ഏകദേശം 13,67,900 രൂപയുടെ കുറവാണ് അക്കൗണ്ടിൽ ഉണ്ടായിരിക്കുന്നത്. നേരത്തെ തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികളിൽവെച്ച് അനധികൃതമായി നെയ്യ് വിൽക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ദേവസ്വം കൗണ്ടറുകൾ വഴി മാത്രം വിൽപന നടത്താൻ തീരുമാനിച്ചയിടത്താണ് ഇപ്പോൾ പുതിയ ക്രമക്കേടുകൾ നടന്നിരിക്കുന്നത്.

നെയ്യ് പാക്ക് ചെയ്യുന്നതിനായി പാലക്കാട്ടെ ഒരു കോൺട്രാക്ടറെയാണ് ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു പാക്കറ്റ് നെയ്യ് പാക്ക് ചെയ്യുന്നതിന് 20 പൈസയാണ് കോൺട്രാക്ടർക്ക് നൽകുന്നത്. കോൺട്രാക്ടർ പാക്ക് ചെയ്ത് കൗണ്ടറുകളിൽ ഏൽപ്പിച്ച പാക്കറ്റുകളുടെ എണ്ണവും കൗണ്ടറുകളിൽ നിന്നുള്ള വിൽപന രേഖകളും തമ്മിൽ പൊരുത്തമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന സുനിൽ കുമാർ പോറ്റി എന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. 68,200 രൂപ നെയ്യ് വിറ്റ പണം ഇയാൾ കൃത്യസമയത്ത് കൗണ്ടറിൽ അടച്ചിട്ടില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്തരം ക്രമക്കേടുകൾ ബോധപൂർവമാണെന്നും ഇതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

Summary: The Kerala High Court has ordered a Vigilance inquiry following the discovery of serious irregularities in the sale of ‘Shishtam Neyyu’ (remnant ghee), which is packaged and sold after being used for the Abhishekam ritual. The details of the massive fraud emerged in a report submitted by the Sabarimala Special Commissioner amidst the rush of the Makaravilakku season.