Leading News Portal in Kerala

‘നിങ്ങൾ കോൺഗ്രസുകാരിയാണ്’ ശ്രീനാദേവിയെ ഓർമ്മിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹയ്ക്ക് വിമർശനം| youth Congress leader Snehas criticism of Sreenadevi reminds her of party loyalty | Kerala


Last Updated:

“പാർട്ടി ചില തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയേക്കാൾ വലിയ നിലപാട് പാർട്ടി പ്രവർത്തകർക്ക് ഇല്ല, അതാണ് കോൺഗ്രസ്. നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്”

ശ്രീനാദേവി, സ്നേഹ
ശ്രീനാദേവി, സ്നേഹ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹ രംഗത്ത്. പാർട്ടിയേക്കാൾ വലിയ നിലപാട് പ്രവർത്തകർക്കില്ലെന്ന് സ്നേഹ ഓർമിപ്പിച്ചു. ശ്രീനാദേവിയുടെ കോണ്‍ഗ്രസ് അംഗത്വ രസീത് പങ്കുവെച്ചുകൊണ്ടാണ് സ്‌നേഹയുടെ വിമര്‍ശനം.

“പാർട്ടി ചില തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയേക്കാൾ വലിയ നിലപാട് പാർട്ടി പ്രവർത്തകർക്ക് ഇല്ല, അതാണ് കോൺഗ്രസ്. നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്”- എന്നാണ് സ്നേഹയുടെ കുറിപ്പ്. എന്നാൽ കുറിപ്പിനുതാഴെ രൂക്ഷമായ സൈബർ ആക്രമണമാണ് സ്നേഹക്കെതിരെ നടക്കുന്നത്.

ശ്രീനാദേവിയെ വിമര്‍ശിച്ച് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസും രംഗത്തെത്തി. പേരിന്റെ അര്‍ത്ഥത്തിന് വിപരീതമായാണ് കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വെള്ളം കുടിച്ച് മരിച്ചാല്‍ ഭാഗ്യമെന്നുമായിരുന്നു അനില്‍ തോമസിന്റെ വിമര്‍ശനം.

താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി പറഞ്ഞത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി പറഞ്ഞു.

പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ പീഡനത്തിന് ശേഷം ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നും ശ്രീനാദേവി ചോദിച്ചു. തന്നെ ആൾക്കൂട്ടത്തിന്‍റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞു കൊടുത്തുവെന്നാണ് അതിജീവിത പരാതിയിൽ പറയുന്നത്.