‘വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്, കൈമാറിയത് കീഴ്വഴക്കമായതിനാൽ’; മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ| Vaji Vahanam Belongs to Tantri as per Custom Former Devaswom Board Member Ajay Tharayil on Sabarimala Row | Kerala
Last Updated:
കീഴ്വഴക്കം അതായതുകൊണ്ടാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നും അജയ് തറയിൽ
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കം അതായതുകൊണ്ടാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നും മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ. വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നാണ് കിട്ടിയ റിപ്പോർട്ട്. അന്ന് വാജി വാഹനം കൈമാറിയതിന് രേഖകൾ ഉണ്ടാക്കിയിട്ടില്ല. അഡ്വക്കറ്റ് കമ്മീഷൻ എ എസ് പി കുറുപ്പിന്റെ നിർദേശവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്വർണം പൂശിയ പറകൾ, അഷ്ടദിക് പാലകർ, അടക്കം പഴയ കൊടിമരത്തിന്റെ എല്ലാഭാഗങ്ങളും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന് മഹസർ തയാറാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്ട്രോങ്ങ് റൂമിൽ അവയെല്ലാം ഇപ്പോൾ ഉണ്ടോയെന്ന് തനിക്കറിയില്ല. കൊടിമരത്തിന് സ്വർണം സ്പോൺസർ ചെയ്തത് ആന്ധ്രയിൽ നിന്നുള്ള ഫിനിക്സ് ഗ്രൂപ്പാണ്. മറ്റാരുടെയും സ്വർണം നിർമാണത്തിന് ഉപയോഗിച്ചിട്ടില്ല. ദേവസ്വം മാന്വവൽ അനുസരിച്ചായിരുന്നു നിര്‍മാണം. മാന്നാറിലെ നിർമാണവേളയിൽ ആചാരപരമായി ചിലർ സ്വർണം സംഭാവന നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപിയും താനും എല്ലാം അങ്ങനെ സംഭാവന നൽകിയതാണെന്നും അജയ് തറയിൽ പറഞ്ഞു.
കൈകള്‍ ശുദ്ധമാണെന്നും ഏത് അന്വേഷണത്തെയും നേരിടുമെന്നും അജയ് തറയിൽ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണത്തിന്റെ ഭാഗമായി കൊടിമരം മാറ്റി സ്ഥാപിച്ചതും എസ്ഐടി അന്വേഷിക്കുന്നുവെന്ന വിവരത്തിനിടെയാണ് കൊടിമര സ്വര്‍ണം പൂശിയതിലടക്കം മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ വിശദീകരണവുമായി രംഗത്തുവന്നത്. 2017ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. അന്നത്തെ ദേവസ്വം ഭരണസമിതിയിലെ അംഗമായിരുന്നു അജയ് തറയിൽ.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
‘വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്, കൈമാറിയത് കീഴ്വഴക്കമായതിനാൽ’; മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ
