ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റിൽ| Sabarimala Gold Theft Case Former Devaswom Board Member KP Sankaradas Arrested | Kerala
Last Updated:
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അറസ്റ്റ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയവെയാണ് അറസ്റ്റ്. കേസിൽ പതിനൊന്നാം പ്രതിയാണ്. അറസ്റ്റ് വിവരം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു.
എ പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. എഐടിയുസി നേതാവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അബോധവസ്ഥയിലാണെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
അന്വേഷണത്തിൽ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി ചോദിച്ചിരുന്നു. മകൻ പോലീസ് ഓഫിസർ ആയതിനാൽ, കേസിൽ പ്രതിയായതുമുതൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസ് ആശുപത്രിയിലാണ്. മാന്യത വേണമെന്നും എസ്ഐടിയോട് ഹൈക്കോടതി പറഞ്ഞിരുന്നു.
കെ പി ശങ്കരദാസിനെ പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഹാജരാക്കാൻ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കി. ഇതെല്ലാം തള്ളിയാണ് അറസ്റ്റിലേക്ക് എസ്ഐടി കടന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ് എന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിൽനിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ കോടതി നിർദേശം അനുസരിച്ച് തീരുമാനിക്കും.
1. ഉണ്ണികൃഷ്ണൻപോറ്റി (സ്പോൺസർ)
2. മുരാരി ബാബു (ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍)
3. ഡി സുധീഷ്‌കുമാര്‍ (മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍)
4. കെ എസ് ബൈജു (തിരുവാഭരണം മുൻ കമ്മീഷണർ)
5. എന്‍ വാസു (മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റും)
6. എ പത്മകുമാർ (മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്)
7. എസ് ശ്രീകുമാർ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍)
8. പങ്കജ് ഭണ്ഡാരി (സ്മാർട്ട് ക്രിയേഷൻസ് സിഇഒ)
9. ബെല്ലാരി ഗോവർധൻ (സ്വർണവ്യാപാരി)
10. എൻ വിജയകുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം)
11. കണ്ഠര് രാജീവര് (ശബരിമല തന്ത്രി)
12. കെ പി ശങ്കരദാസ് (മുൻ ദേവസ്വം ബോർഡ് അംഗം)
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
