Leading News Portal in Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി ശനിയാഴ്ച; വാദംകേട്ടത് അടച്ചിട്ടമുറിയിൽ| Court to Decide on Rahul Mamkootathil Bail on Saturday Arguments Heard Behind Closed Doors | Kerala


Last Updated:

പ്രതിയും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്നും പ്രതിഭാഗം വാദിച്ചു

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ റിമാൻഡിൽ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽ‌എയുടെ ജാമ്യാപേക്ഷയില്‍ വിധി ശനിയാഴ്ച. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. പ്രതിയും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്നും പ്രതിഭാഗം വാദിച്ചു. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

രാഹുല്‍ നിരന്തരമായി കുറ്റം ചെയ്യുന്ന ആളാണെന്നും നിരന്തര പരാതികള്‍ ഇയാള്‍ക്കെതിരില്‍ ഉയര്‍ന്നുവന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.  എന്നാല്‍, എല്ലാം പരസ്പര സമ്മതത്തോടെയാണ് ചെയ്തതെന്നും ജാമ്യം കിട്ടിയാല്‍ പ്രതി മുങ്ങില്ലെന്നും ഉത്തരവാദിത്തമുള്ള ജനപ്രതിയാണെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്.‌

കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യൽ അടക്കം രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം ക്രൈം ബ്രാഞ്ച് കോടതിയോട് പറഞ്ഞു.കസ്റ്റഡി കാലാവധി അവസാനിച്ച രാഹുലിനെ കഴിഞ്ഞദിവസം പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 24 വരെയാണ് റിമാന്‍ഡ് കാലാവധി.

മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ തെളിവെടുപ്പും ചോദ്യംചെയ്യലും കാര്യമായി മുന്നോട്ടു പോയില്ല. ബലാത്സംഗം നടന്നതായി പരാതിക്കാരി പറഞ്ഞ തിരുവല്ല ക്ലബ് സെവന്‍ ഹോട്ടലില്‍ മാത്രമാണ് രാഹുലുമായി തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിയുമായി ഹോട്ടലില്‍ വച്ച് കണ്ടിരുന്നു എന്നതല്ലാതെ രാഹുല്‍ ഒന്നും വിട്ടു പറഞ്ഞില്ല.

ഒന്നിലധികം ഡിജിറ്റല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, മൊബൈല്‍ ഫോണിലെ നിര്‍ണായക ഡാറ്റകള്‍ ലാപ്‌ടോപ്പിലേക്ക് പകര്‍ത്തി സൂക്ഷിച്ചന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. ഈ ലാപ്‌ടോപ്പ് എവിടെയെന്നും രാഹുല്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയില്ല. അടൂരിലെ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ലാപ്‌ടോപ്പ് കണ്ടെടുക്കാനും കഴിഞ്ഞില്ല. ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണത്തിന് പാലക്കാട് പ്രതിയുമായി പോകണമെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ചുരുങ്ങിയ കസ്റ്റഡി കാലാവധിയില്‍ പാലക്കാട് യാത്രയും മുടങ്ങി.

ആദ്യ ദിവസം മുതലുണ്ടായ കടുത്ത പ്രതിഷേധങ്ങളും രാഹുലിനെ പുറത്തിറക്കിയുള്ള തെളിവെടുപ്പിന് വെല്ലുവിളിയായി. കസ്റ്റഡിക്ക് ശേഷം രാഹുലിനെ തിരികെ ജയിലിൽ എത്തിക്കുമ്പോൾ ഇന്നലെയും ബിജെപി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. ‌മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്കുള്ള വഴിയില്‍ രാഹുലുമായി വന്ന പൊലീസ് വാഹനത്തിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചീമുട്ട എറിഞ്ഞു.

കോടതിയിൽ ഹാജരാക്കും മുമ്പ് ഇന്നലെ ഉച്ചയ്ക്ക് രാഹുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് പൊലീസ് സംഘം വൈദ്യ പരിശോധന നടത്തി. കഴിഞ്ഞ ദിവസത്തെ വൻ പ്രതിഷേധം കണക്കിലെടുത്തു വൻ പോലിസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. എങ്കിലും ആശുപത്രിയിൽ പ്രതിഷേധക്കാരാരും ഉണ്ടായിരുന്നില്ല. വൈദ്യ പരിശോധനയ്ക്ക് കയറും മുൻപ് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും രാഹുൽ പതിവ് മൗനം തുടർന്നു.

വൈദ്യ പരിശോധന പൂർത്തിയാക്കി ഉച്ചയോടെയാണ് പൊലീസ് സംഘം രാഹുലിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി രാഹുലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.