Leading News Portal in Kerala

പരിഹസിക്കരുത്! അധ്വാനിച്ച് ജീവിക്കുന്ന ആളാണ് വൈറലായ ബാബു സാമി | Life story Babu Sami Naga Sairandhri viral video | Kerala


Last Updated:

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ പരിചയിച്ച നാഗ സൈരന്ധ്രിക്കൊപ്പം പൊതുവേദി പങ്കിട്ടതോടു കൂടിയാണ് ബാബു സാമി ഹിറ്റായത്

വൈറൽ വീഡിയോയിലെ ബാബു സാമി
വൈറൽ വീഡിയോയിലെ ബാബു സാമി

ബാബു സാമി ആരെന്ന് അറിയാത്തവരായി കേരളത്തിൽ ആരെങ്കിലും ഉണ്ടാകുമോ? സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ പരിചയിച്ച നാഗ സൈരന്ധ്രിക്കൊപ്പം പൊതുവേദി പങ്കിട്ടതോടു കൂടിയാണ് ബാബു സാമി ഹിറ്റായത്. അത്രയും കാലം, അദ്ദേഹം തന്റെ ജീവിതവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഒരു സാധാരണ മനുഷ്യൻ. വേദിയിൽ വച്ച് ബാബു സാമി ആരെന്ന് നാഗസൈരന്ധ്രി ആമുഖം നൽകി. ബാബു സാമി തന്റെ ക്ഷേത്രത്തിൽ വന്നിട്ടുണ്ട്, തന്റെ മനോഹരമായ ദിനങ്ങളായിരുന്നു അത്. ബാബു സാമി നന്നായി നൃത്തം ചെയ്യും തുടങ്ങിയ കാര്യങ്ങൾ അവിടെ കൂടിയിരുന്നവരുമായി അവർ പങ്കിട്ടു. തന്നെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ നാഗസൈരന്ധ്രിയുടെ കൈകൾ ചേർത്തുപിടിച്ച് ബാബു സാമി നന്ദി പ്രകാശിപ്പിച്ചു. ഇതായിരുന്നു സംഭവം.

പിന്നെയങ്ങോട്ട് ട്രോൾ വീഡിയോകളുടെ വരവായി. പ്രശസ്തരായവർ തുടങ്ങി, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരും കുട്ടികളും വരെ ആ ഡയലോഗ് കടമെടുത്ത് വീഡിയോ ചെയ്തു. വെള്ള വസ്ത്രം ധരിച്ച സൈരന്ധ്രിമാരെയും കാവിവേഷം ചുറ്റിയ ബാബു സാമിമാരെയും കൊണ്ട് ഇൻസ്റ്റഗ്രാം റീൽസ്, യൂട്യൂബ് ഷോർട്ട്സ് എന്നിവിടങ്ങൾ നിറഞ്ഞു.

അഖിൽ മാരാരും ഭാര്യയും നടി ദിവ്യ ശ്രീധറും സുഹൃത്തും ഉൾപ്പെടുന്നവർ ഈ വീഡിയോ ചെയ്തവരുടെ കൂട്ടത്തിലുണ്ട്. ട്രോൾ വീഡിയോയ്ക്ക് പുറമേ, ഈ ഡയലോഗുകളുടെ പുനഃരാവിഷ്കരണമായി ചില ഗാനങ്ങളും പുറത്തിറങ്ങി.

ഇതിനിടയിൽ എപ്പോഴോ ഒരിക്കൽ ബാബു സാമി വീണ്ടും പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന് പിന്നാലെ ക്യാമറക്കണ്ണുകൾ ഓടിയെത്തി. ഒടുവിൽ നാട്ടുകാർ ഓടിനടന്നു ട്രോൾ ചെയ്യുന്ന ബാബു സാമി ആരെന്ന് കണ്ടെത്തി. പരിഹസിക്കുന്നവർക്ക് അദ്ദേഹത്തിന്റെ മറുപടി സ്വന്തം ജീവിതമാണ്. കാഷായം ചുറ്റി പബ്ലിസിറ്റി കിട്ടാൻ നടക്കുന്ന വ്യക്തിയല്ല അദ്ദേഹം. അധ്വാനിച്ചു ജീവിക്കുന്ന ആളാണ്. കാവി അണിയാത്ത ജോലി സമയങ്ങളിൽ, ബാബു സാമിയുടെ വേഷം നഗരസഭാ ജീവനക്കാരന്റെ കാക്കിയാണ്. കയ്യിൽ നീളൻ കയ്യുറയുമായി മാലിന്യം നീക്കം ചെയ്യുന്ന ട്രക്കിലേക്ക്, വഴിയോരം വൃത്തിയാക്കി, മാലിന്യം വാരുന്ന കൊട്ടയിൽ നിറയുന്ന വസ്തുക്കൾ അദ്ദേഹം ആ ട്രക്കിലേക്ക് മാറ്റുന്നു.

പാലക്കാട് തത്തമംഗലം നഗരസഭയിൽ സാനിറ്റേഷൻ ജീവനക്കാരനാണ് ബാബു സാമി. “ഞാൻ എന്റെ ജോലി ചെയ്യുന്നു. ദിവസവും ഉച്ചയ്ക്ക് ഒരു മണി വരെ ജോലിയുണ്ടാകും. അത് കഴിഞ്ഞ് കിട്ടുന്ന സമയം ആത്മീയതയ്ക്കായി ചിലവിടുന്നു. സിദ്ധ സമ്പ്രദായത്തിലെ ധ്യാനം, മെഡിറ്റേഷൻ തുടങ്ങിയ ചെയ്യുന്നു. അങ്ങനെയിരിക്കെ ഒരു പരിപാടിയിൽ പങ്കെടുത്തതോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്,”

വീഡിയോയെ മോശം രീതിയിൽ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും ബാബു സാമിയുടെ പക്കൽ മറുപടിയുണ്ട്. “ഇത് എന്താണ് സംഭവം, എന്നതിനെക്കുറിച്ചാണ് പറയുന്നത് എന്നൊന്നും അവർക്കറിയില്ല.” ബാബു സാമി പറയുന്നു.

കെ. ബാബു എന്ന ബാബു സാമി 1996 മുതൽ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. 2009ൽ സ്ഥിരം ജീവനക്കാരനായി.

Summary: About Babu Sami, the trending monk from Kerala on social media