Leading News Portal in Kerala

ശബരിമലയിൽ പുതുചരിത്രം; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം  New history at Sabarimala Revenue from Mandala-Makaravilakku season reaches Rs 435 crore | Kerala


Last Updated:

ഇത്തവണ 52 ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തിയെന്നാണ് കണക്കുകൾ

ശബരിമല
ശബരിമല

ശബരിമലയിലെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് 435 കോടി രൂപയുടെ റെക്കോർഡ് വരുമാനം. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്. ഇത്തവണ 52 ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആകെ വരുമാനത്തിൽ 204 കോടി രൂപ അരവണ പ്രസാദത്തിലൂടെയും 118 കോടി രൂപ കാണിക്ക വഴിയുമാണ് ലഭിച്ചത്. കൃത്യമായ ആസൂത്രണവും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനവുമാണ് തീർത്ഥാടനകാലത്തെ ഈ വിജയത്തിന് പിന്നിലെന്ന് സർക്കാർ അവകാശപ്പെടുന്നു.

മണ്ഡല-മകരവിളക്ക് കാലം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപേ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തിൽ നടത്തിയ അവലോകന യോഗങ്ങൾ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചു. ഏറ്റുമാനൂർ, എരുമേലി, ചെങ്ങന്നൂർ, പന്തളം തുടങ്ങിയ ഇടത്താവളങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയിരുന്നു.

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 2600-ലധികം ശുചിമുറികളാണ് ഭക്തർക്കായി ഒരുക്കിയത്. നിലയ്ക്കലിന് പുറമെ പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിച്ചത് വാഹനത്തിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു. നിലയ്ക്കലിൽ മാത്രം 10,500 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. പമ്പയിൽ ജർമ്മൻ പന്തലുകൾ ഉൾപ്പെടെയുള്ള പുതിയ നടപ്പന്തലുകളും സന്നിധാനത്ത് മൂവായിരം പേർക്ക് വിരിവയ്ക്കാവുന്ന താത്കാലിക സംവിധാനങ്ങളും ഒരുക്കി. ഏകദേശം 20 ലക്ഷത്തിലധികം ഭക്തർക്ക് അന്നദാനം നൽകിയതിനൊപ്പം, ഉച്ചയ്ക്ക് സദ്യ വിളമ്പിയത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു.