Leading News Portal in Kerala

എസ്എൻഡിപി – എൻഎസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം; വെള്ളാപ്പള്ളിയെ പിന്തുണച്ച് ജി. സുകുമാരൻ നായർ|G Sukumaran Nair Backs Vellappally’s Call for SNDP-NSS Alliance | Kerala


Last Updated:

ഇരു സംഘടനകളും സഹകരിച്ചു പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എൻഎസ്എസ് നേതൃത്വം ഇതിൽ അനുകൂല തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

News18
News18

ചങ്ങനാശേരി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവെച്ച സാമുദായിക ഐക്യ നീക്കത്തിന് എൻഎസ്എസിന്റെ പൂർണ്ണ പിന്തുണ. സാമുദായിക കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഭിന്നിച്ചുനിൽക്കുന്നത് ഗുണകരമല്ലെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ചങ്ങനാശേരി പെരുന്നയിൽ സ്വാഗതം ചെയ്തു. ഇരു സംഘടനകളും സഹകരിച്ചു പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എൻഎസ്എസ് നേതൃത്വം ഇതിൽ അനുകൂല തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലില്ലെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. രമേശ് ചെന്നിത്തലയാണ് ഇതിന് പിന്നിലെന്ന പ്രചാരണം അദ്ദേഹം തള്ളി. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമാണ് എൻഎസ്എസ് പുലർത്തുന്നത്. ഒരു പാർട്ടിക്കുവേണ്ടിയും പ്രവർത്തിക്കില്ല. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും അത് പാർട്ടിക്കുതന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം പരിഹസിച്ചു.

എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ മുൻപുണ്ടായിരുന്ന അകൽച്ച ഇപ്പോൾ നിലനിൽക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സുകുമാരൻ നായർക്ക് അസുഖമായപ്പോൾ താൻ നേരിട്ട് വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിനായി പെരുന്നയിലേക്ക് പോകാൻ തനിക്ക് മടിയില്ലെന്നും യുഡിഎഫ് ആണ് ഇരു വിഭാഗങ്ങളെയും തമ്മിൽ തല്ലിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഈ നിലപാടിനെ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ എൻഎസ്എസ് നേതൃത്വവും പ്രതികരിച്ചിരിക്കുന്നത്.