‘എൻഎസ്എസിനെ തെറ്റിച്ചത് മുസ്ലിം ലീഗ്, സതീശൻ ഇന്നലെ പൂത്ത തകര’; വെള്ളാപ്പള്ളി നടേശൻ|Vellappally Natesan Attacks League Leadership and Slams VD Satheesan | Kerala
Last Updated:
തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കാൻ ലീഗ് ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു
ആലപ്പുഴ: എസ്എൻഡിപിയെയും എൻഎസ്എസിനെയും തമ്മിൽ അകറ്റിയതിന് പിന്നിൽ മുസ്ലിം ലീഗ് നേതൃത്വമാണെന്ന ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ. ഇരു വിഭാഗങ്ങളും തമ്മിൽ യോജിക്കാൻ പാടില്ലെന്ന ലക്ഷ്യത്തോടെ ലീഗ് കരുനീക്കങ്ങൾ നടത്തിയെന്നും ഭരണത്തിൽ ഇരുന്നപ്പോൾ ഭൂരിപക്ഷ സമുദായങ്ങളെ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ അവഗണനകൾ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ‘നായാടി മുതൽ നസ്രാണി വരെ’ എന്ന വിശാലമായ ഐക്യമെന്ന ചിന്തയിലേക്ക് കാര്യങ്ങൾ എത്തിയതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കാൻ ലീഗ് ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മുസ്ലിം സമുദായത്തിന് താൻ വിരോധിയല്ലെന്നും ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് എതിർത്തതെന്നും അദ്ദേഹം പറഞ്ഞു. ‘ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന’ തന്ത്രമാണ് ലീഗ് പയറ്റുന്നത്. തന്റെ നിലപാടുകളെ വക്രീകരിച്ച് വർഗീയവാദിയാക്കാൻ ശ്രമിച്ചവർക്കുള്ള മറുപടി കാന്തപുരം എ.പി അബൂബക്കർ മുസല്യാർ തന്നെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഇന്നലെ പൂത്ത തകരയാണെന്നും അപ്രസക്തനായ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില നൽകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ വർഗീയവാദിയാണെന്ന് പറയാൻ എ.കെ. ആന്റണിയെയോ രമേശ് ചെന്നിത്തലയെയോ വെല്ലുവിളിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്നതായിരുന്നു ഐക്യത്തിന്റെ മുദ്രാവാക്യമെങ്കിൽ, ഇന്നത്തെ കാലഘട്ടത്തിൽ ക്രൈസ്തവ വിഭാഗത്തെ കൂടി ഉൾപ്പെടുത്തി ‘നായാടി മുതൽ നസ്രാണി വരെ’ എന്നത് പുതിയ മുദ്രാവാക്യമായി ഉയർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ സമവാക്യങ്ങളിൽ ഈ ഐക്യം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വെള്ളാപ്പള്ളി നടേശൻ പ്രത്യാശ പ്രകടിപ്പിച്ചു.
Alappuzha,Alappuzha,Kerala
