ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ് | ED conducts widespread raids across Kerala, Tamil Nadu, and Karnataka in the Sabarimala gold smuggling case | കേരള വാർത്ത
Last Updated:
തിരുവനന്തപുരത്തെ ദേവസ്വം ബോർഡിന്റെ ഓഫീസിലും റെയ്ഡ് നടക്കുന്നുവെന്നാണ് വിവരം
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി). കേസിൽ പ്രതികളായവരുടെ വീട്ടിൽ ഇഡിയുടെ മിന്നൽ റെയ്ഡ്. കേസിലെ പ്രധാന പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, എൻ വാസുവിന്റെ വീട് എന്നിവിടങ്ങളിലുൾപ്പെടെയാണ് റെയ്ഡ് നടക്കുന്നത്.
ഇതിനൊപ്പം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ ഉടമ പങ്കജ് ഭണ്ഡാരിയുടെ വീട്, ഭണ്ഡാരിയുടെ സ്ഥാപനം, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധന്റെ വീട് എന്നിവിടങ്ങളിലും ഇഡി റെയ്ഡ് നടക്കുന്നുണ്ട്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളടക്കം ആകെ 21 സ്ഥലങ്ങളിലാണ് റെയ്ഡ്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥരെ എത്തിച്ച് വിപുലമായ റെയ്ഡാണ് നടക്കുന്നത്.
നേരത്തെ എസ്ഐടി പരിശോധന നടത്തിയതിനാൽ ഇതിൽ പല സ്ഥലങ്ങളിലും എന്തെങ്കിലും രേഖകൾ കണ്ടെത്തുമോയെന്നത് സംശയമാണ്. എന്നാൽ കേസിൽ ഇസിആർ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ സ്വത്തുക്കൾ അടക്കം ഇഡിക്ക് പിടിച്ചെടുക്കാൻ സാധിക്കും. കേസിൽ പ്രതികളല്ലാത്തവരുടെ വീട്ടിലേക്കും റെയ്ഡ് നടന്നേക്കാമെന്നാണ് വിവരം. കള്ളപ്പണ ഇടപാടുകൾ, പ്രതികളുടെ സാമ്പത്തിക കൈമാറ്റ വിവരങ്ങൾ എന്നവയാണ് പരിശോധിക്കുന്നു. അതീവ രഹസ്യമായാണ് ഇഡി റെയ്ഡിനുള്ള നീക്കങ്ങൾ നടത്തിയത്. തിരുവനന്തപുരത്തെ ദേവസ്വം ബോർഡിന്റെ ഓഫീസിലും റെയ്ഡ് നടക്കുന്നുവെന്നാണ് വിവരം.
Thiruvananthapuram,Kerala
