Leading News Portal in Kerala

Belly Fat hair transplant | സൗന്ദര്യം വർധിപ്പിക്കാൻ അടിവയറ്റിലെ കൊഴുപ്പ് നീക്കാനും തലയിൽ മുടി വെച്ചു പിടിപ്പിക്കാനും പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് | Things to keep in mind for those who are going to remove belly fat and hair transplant


കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ

അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള ശസ്ത്രകിയകൾ മികച്ച സൗകര്യങ്ങളും പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനമുള്ളതുമായ ആശുപത്രികളിൽ തന്നെ നടത്തണം. ഇത്തരം ശസ്ത്രക്രിയകൾ അപകടകരമല്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുഎസ്ടി ഗ്ലോബലിലെ വനിത സോഫ്റ്റ്‌വെയർ എഞ്ചിനീയർ എം എസ് നീതു (31)വിന് നടത്തിയ ശസ്ത്രക്രിയയിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുകൾ ഉണ്ടായോ എന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നു.

വയറിലെ കൊഴുപ്പ് ചർമത്തിന് തൊട്ടുതാഴെയുള്ള പാഡിങ് പാളിയിൽ മാത്രം ഒതുങ്ങുന്നതല്ല. വയറിനുള്ളിൽ ഇത് ആഴത്തിൽ മറ്റ് ആന്തരാവയവങ്ങള ചുറ്റിപ്പറ്റിയുമുണ്ടാകും. വയറിലെ കൊഴുപ്പ് അമിതമാകുന്നത് ഉയർന്ന രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പിന്റെ അളവ്, ഉറക്കക്കുറവ്, ഹൃദ്രോഗം, ചില തരം കാൻസർ, ഫാറ്റിലിവർ സ്ട്രോക്ക് എന്നിവയ്ക്കു വഴി വച്ചേക്കാം. വ്യായാമം വഴി വയറ്റിലെ പേശികളെ ശക്തിപ്പെടുത്തുകയാണ് ശസ്ത്രക്രിയ ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ഇതു സാധ്യമല്ലാതെ വരുമ്പോഴാണ് പലരും ചികിത്സയിലേക്കും ശസ്ത്രക്രിയയിലേക്കും മാറുന്നത്.

അടിവയറ്റിലെ കൊഴുപ്പു വലിച്ചെടുക്കാൻ വലിയ മർദം ഉപയോഗിക്കേണ്ടിവരും. അപ്പോൾ വയറിലെ ഞരമ്പുകൾ തുറക്കാനും അതിലേക്കു കൊഴുപ്പു കയറാനും സാധ്യത ഉണ്ട്. ഇതു ശ്വാസകോശത്തിൽ എത്തി ശ്വാസ തടസംസൃഷ്ടിക്കും. തുടർന്നു ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാം. കൊഴു‌പ്പ് വലിച്ചെടുക്കുന്നത് സാധാരണ ചികിത്സയാണ്. വലിയ മർദം ഉപയോഗിക്കുന്നതിനാൽ ഏതു നിമിഷവും റിസ്ക് ഉണ്ടാകാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നീതുവിന്റെ ഇടതുകാലിലെ അഞ്ചും ഇടതുകൈയിലെ നാലും വിരലുകളാണ് നീക്കിയത്. മുറിവ് ഉണങ്ങാത്ത അടിവയറിൽ തൊലി വച്ചുപിടിപ്പിച്ചു. വലതുകാലും കയ്യും ചികിത്സിച്ചു ഭേദമാക്കാമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു.

മുടിവച്ച് പിടിപ്പിക്കൽ

ലോകമെമ്പാടും 67 ശതമാനം സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ മുടി കൊഴിച്ചിലിനെ കുറിച്ച് ആകുപ്പടുന്നവരാണ്. മുടി കൊഴിച്ചിലും കഷണ്ടിയുമെല്ലാം ഒരാളുടെ ആത്മവിശ്വാസത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ഈ പ്രശ്‌നത്തെ നേരിടാന്‍ പലരും പല വഴികള്‍ പരീക്ഷിക്കാറുണ്ടെങ്കിലും അതില്‍ ഏറ്റവും വിശ്വാസയോഗ്യമായ പരിഹാരമാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍. ഫോളിക്കുലര്‍ യൂണിറ്റ് ട്രാന്‍സ്പ്ലാന്റ് (എഫ്‌യുടി), ഫോളിക്കുലര്‍ യൂണിറ്റ് എക്‌സ്ട്രാക്ഷന്‍(എഫ്‌യുഇ), ഡയറക്ട് ഹെയര്‍ ഇംപ്ലാന്റേഷന്‍ (ഡിഎച്ച്ഐ) എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഹെയർട്രാൻസ്പ്ലാന്റ് രീതികളാണ് നിലവിലുള്ളത്.

എഫ്‌യുടിയില്‍ തലയുടെ പിന്‍ഭാഗത്ത് നിന്ന് ശിരോചര്‍മത്തിന്റെ നേര്‍ത്ത പാളി ശസ്ത്രക്രിയയിലൂടെ എടുത്ത് അവയില്‍നിന്ന് ഹെയര്‍ ഫോളിക്കിളുകള്‍ ഓരോ യൂണിറ്റായി വേര്‍തിരിച്ച് എടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഡോണര്‍ ഏരിയ തുന്നി ചേര്‍ത്ത് വയ്ക്കും. എഫ്‌യുഇയില്‍ ഡോണര്‍ ഏരിയയില്‍ നിന്ന് വട്ടത്തിലൊരു മുറിവുണ്ടാക്കി ഹെയര്‍ ഫോളിക്കിളുകള്‍ നീക്കം ചെയ്ത ശേഷം എഫ്‌യുടി സങ്കേതത്തിലെ പോലെ ആവശ്യമുള്ള ഇടത്തില്‍ നട്ടു പിടിപ്പിക്കും.

Also Read- ഹെയർ ട്രാൻസ്പ്ലാന്റേഷന് വിധേയനായ യുവാവിന്റെ തലയിൽ അണുബാധ

ഏറ്റവും അത്യാധുനിക സങ്കേതമായ ഡിഎച്ച്‌ഐയില്‍ ഡോണര്‍ ഭാഗത്ത് നിന്ന് നീക്കം ചെയ്യുന്ന ഹെയര്‍ ഫോളിക്കിളുകള്‍ അതിസൂക്ഷ്മവും അത്യാധുനികവുമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് നട്ടു പിടിപ്പിക്കുന്നു. ഫോളിക്കിളുകളുടെ ആഴം, ആംഗിള്‍, ദിശ എന്നിവ സംബന്ധിച്ച് സര്‍ജന്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണമുള്ളതിനാല്‍ സ്വാഭാവികമായ ഫലം ഇതില്‍ ലഭിക്കും. വേഗത്തില്‍ മുറിവുണങ്ങുമെന്നതും തുന്നലുകളോ പാടോ വേദനയോ ഒന്നുമില്ലെന്നതും ഈ രീതിയുടെ പ്രത്യേകതയാണ്.

ലോക്കല്‍ അനസ്‌തേഷ്യ നല്‍കി ചർമരോഗ വിദഗ്ധരായ സര്‍ജന്മാരാണ് സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി നടത്തുന്നത്. കൃത്യവും സൂക്ഷ്മവുമായ ഉപകരണങ്ങളും മാർഗങ്ങളും ഉപയോഗിച്ച് തലയുടെ പിന്നില്‍ നിന്നോ വശങ്ങളില്‍ നിന്നോ എടുക്കുന്ന ഹെയര്‍ ഫോളിക്കിളുകളാണ് കഷണ്ടിയുള്ള ഭാഗത്ത് വച്ച് പിടിപ്പിക്കുന്നത്.

സനിലിന് സംഭവിച്ചത്

തലമുടി പിടിപ്പിക്കൽ ചികിത്സയ്ക്കു ശേഷമുണ്ടായ അണുബാധയെ തുടർന്നു വൈപ്പിൻ ചെറായി സ്വദേശിയും എളമക്കര കീർത്തി നഗറിൽ താമസക്കാരനുമായ ചെറുപറമ്പിൽ സനിലാണ് (49) ഗുരുതരാവസ്ഥയിലായത്. അര ഡസനോളം ശസ്ത്രക്രിയകൾ നടത്തിയാണ് ഡോക്ടർമാർ ചർമത്തിലെ പഴുപ്പ് നിയന്ത്രണ വിധേയമാക്കിയത്. ഇനിയും തുടര്‍ ശസ്ത്രക്രിയകൾ ആവശ്യമാണ്. തലയിലെ പഴുപ്പ് നീക്കം ചെയ്യുന്നതിനായി ഇപ്പോൾ ഇദ്ദേഹത്തിന്റെ ശരീരത്തിൽ പ്രത്യേക യന്ത്രസംവിധാനം ഘടിപ്പിച്ചിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ പരസ്യം കണ്ടു നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ മുടി വച്ചു പിടിപ്പിക്കലിന് സനിൽ‌ വിധേയനായത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അസഹനീയമായ തലവേദന ഉണ്ടായതിനെ തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടങ്കിലും വേദനസംഹാരി ഗുളികകൾ നൽകുകയായിരുന്നു. ഇവർ നൽകിയിരുന്ന മറ്റു ചില മരുന്നുകൾ കഴിച്ചതിനെ തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയർന്നു. മുടി പിടിപ്പിച്ച ഭാഗത്തു പഴുപ്പുള്ള കാര്യം ശ്രദ്ധയിൽപെടുത്തിയെങ്കിലും സ്ഥാപന അധികൃതർ ഗൗനിച്ചില്ല എന്നാണ് ആക്ഷേപം.

പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. മുടി വച്ചുപിടിപ്പിച്ച ഭാഗത്ത് അണുബാധയും മാംസം തിന്നു തീർക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യവും സ്ഥിരീകരിച്ചു. അപ്പോഴേക്കും തലയുടെ മുകൾ ഭാഗത്തെ തൊലി നഷ്ടമായി തലയോട് പുറത്തു കാണാവുന്ന സ്ഥിതിയിൽ ആയിരുന്നു. തുടയിൽ നിന്ന എടുത്ത തൊലി കുറച്ചു ഭാഗത്ത് വച്ചു പിടിപ്പിച്ചുവെങ്കിലും ഇനിയും ദീർഘകാലത്തെ ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളതെന്നു വീട്ടുകാർ പറയുന്നു.

അര ലക്ഷത്തോളം രൂപയാണ് മുടി വച്ചു പിടിപ്പിക്കുന്നതിനായി സ്ഥാപനം ഈടാക്കിയത്. തുടർന്നുണ്ടായ ചികിത്സയ്ക്ക് ഇതുവരെ 9 ലക്ഷം രൂപയിലേറെ ചെലവിട്ടു കഴിഞ്ഞു. സ്ഥാപനത്തിനെതിരെ സനിൽ തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അനുനയ നീക്കങ്ങളുമായി സ്ഥാപന ഉടമകൾ സമീപിച്ചെങ്കിലും നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/

സൗന്ദര്യം വർധിപ്പിക്കാൻ അടിവയറ്റിലെ കൊഴുപ്പ് നീക്കാനും തലയിൽ മുടി വെച്ചു പിടിപ്പിക്കാനും പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്