Leading News Portal in Kerala

World Health Day: ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാതൃമരണ നിരക്കില്‍ 83 ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം| World Health Day 2025 India sees 83 percent decline in maternal mortality over 30 years Health Ministry report


ആരോഗ്യമുള്ള ഭാവിയ്ക്കായുള്ള ഇന്ത്യയുടെ പ്രതിബദ്ധത

ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ എല്ലാവരിലും തുല്യമായി എത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പ്രവര്‍ത്തിച്ചുവരുന്നു. ആയുഷ്മാന്‍ ഭാരത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, തുടങ്ങിയ മുന്‍നിര സംരംഭങ്ങളിലൂടെ ഇന്ത്യയുടെ ആരോഗ്യമേഖല പുരോഗതി കൈവരിച്ചു. മാതൃ-ശിശു സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ഡിജിറ്റല്‍ ആരോഗ്യസേവനങ്ങള്‍ വികസിപ്പിക്കാനും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഈ പദ്ധതികളിലൂടെ സാധിച്ചു.

മാതൃ-ശിശു ആരോഗ്യ മേഖലയിലെ പ്രധാന നേട്ടങ്ങള്‍

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2014-16 കാലത്ത് ഇന്ത്യയുടെ മാതൃമരണനിരക്ക് 130 ആയിരുന്നു. 2018-20 ആയപ്പോഴേക്കും ഇത് 97 ആയി കുറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ (1990-2020) മാതൃമരണനിരക്കില്‍ 83 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിശുമരണനിരക്ക് : 2014ല്‍ ശിശുമരണനിരക്ക് 39 ആയിരുന്നു. 2020 ആയപ്പോഴേക്കും ശിശുമരണനിരക്ക് 28 ആയി കുറഞ്ഞു.

മാതാവിന്റെ ആരോഗ്യത്തിനായുള്ള പദ്ധതികള്‍

– മെറ്റേണല്‍ ഡെത്ത് സര്‍വെയ്‌ലന്‍സ് ആന്‍ഡ് റെസ്‌പോണ്‍സ്: ആശുപത്രികളിലും മറ്റുമുള്ള മാതൃമരണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നു.

-മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡ് (എംസിപി): കേന്ദ്ര ആരോഗ്യമന്ത്രാലയം, കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണിത്. ഗര്‍ഭിണികളുടെയും മൂന്ന് വയസുവരെയുള്ള കുട്ടികളുടെയും വിവരങ്ങള്‍ പദ്ധതിപ്രകാരം ശേഖരിക്കുന്നു.

-ജനനി സുരക്ഷാ യോജന: പ്രസവം ആശുപത്രികളിലാക്കാനും അതിലൂടെ ധനസഹായം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

-ലക്ഷ്യ ഇനിഷ്യേറ്റീവ്: ആശുപത്രികളിലെ ലേബര്‍ റൂമുകളിലേയും ഓപ്പറേഷന്‍ തിയേറ്ററുകളിലെയും സേവനം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

-പോഷണ്‍ അഭിയാന്‍ : അനീമിയ, ശിശുക്കളുടെ ഭാരക്കുറവ്, അമ്മമാരുടെ പോഷകക്കുറവ് എന്നിവ പരിഹരിക്കാനായി ആരംഭിച്ച പദ്ധതിയാണിത്.