നമ്മളിൽ പലരുടെയും ഒരു ദിവസത്തിന്റെ തുടക്കം ഒരു ഗ്ലാസ് ചൂട് ചായയിൽ (Tea) നിന്നുമാണ്. രാവിലെ ചായ കിട്ടിയില്ലെങ്കിൽ ആ ദിവസം ഒരു ഉന്മേഷ കുറവാണ്. അതിനാൽ തന്നെ ചായ കുടിച്ചാലേ അന്നത്തെ ദിവസം നന്നാകൂ എന്ന് ചിലർ പറയുകയും ചെയ്യാറുണ്ട്. എന്നാൽ, ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് നമ്മുടെ ശരീരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തേയില, പാൽ, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർന്ന ചായ കുടിച്ചതിന് ശേഷം ഉന്മേഷത്തിന് പകരം ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ടോ? ചായയിലെ എല്ലാ ചേരുവകളും പോഷകസമൃദ്ധമാണെങ്കിലും, ചില ഘടകങ്ങളുടെ അളവ് കൂടുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ തന്നെ സ്ഥിരമായി വെറും വയറ്റിൽ ചായ കുടിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമേ ചെയ്യൂ.