World AIDS Day | ലോക എയ്ഡ്സ് ദിനം: ‘അവകാശങ്ങളുടെ പാത സ്വീകരിക്കു’; ലക്ഷണങ്ങളും ചികിത്സയും അറിയാം | World AIDS Day Know the symptoms and treatment
Last Updated:
‘അവകാശങ്ങളുടെ പാത സ്വീകരിക്കു’ (Take the rights path) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം
എല്ലാ വര്‍ഷവും ഡിസംബര്‍ 1നാണ് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കു’ (Take the rights path) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം. എയിഡ്സ് ബാധിതരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതിരിക്കാനും അവരുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്ക്കരിക്കേണ്ടത് പ്രധാനമാണ്. ലോകമെമ്പാടും 1988 മുതലാണ് ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചു വരുന്നത്.
എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (HIV) മൂലമുണ്ടാകുന്ന ഒരു രോഗമാണ് അക്വയേര്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം (AIDS). രോഗം ബാധിച്ച വ്യക്തിയുടെ രോഗപ്രതിരോധ ശേഷി തകരാറിലാകുകയും അണുബാധകള്‍ക്കെതിരെ പോരാടാന്‍ ആ വ്യക്തിയെ കഴിവില്ലാത്തവരാക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.
രോഗം പകരുന്നതെങ്ങനെ?
- രക്തം, ശുക്ലം, പ്രീ-സെമിനല്‍ ദ്രാവകം, യോനി, മലാശയ ദ്രാവകങ്ങള്‍, രോഗബാധിതയായ സ്ത്രീയുടെ മുലപ്പാല്‍ തുടങ്ങിയ ശരീര സ്രവങ്ങള്‍ വഴി ഇത് ബാധിക്കാം.
- അണുബാധയുള്ള (എയ്ഡ്സ്) ഒരു വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഈ മാരക രോഗം മറ്റൊരാളിലേക്ക് പകരാന്‍ ഇടയാകും.
- ഇന്‍ജക്ഷന്‍ സൂചികള്‍, റേസര്‍ ബ്ലേഡുകള്‍, കത്തികള്‍ എന്നിവ രോഗബാധിതനായ വ്യക്തിയുമായി പങ്കുവയ്ക്കുന്നതും രോഗം പകരാന്‍ കാരണമാകും.
എയ്ഡ്സ് രോഗികളില്‍ എപ്പോഴും പനി, ക്ഷീണം, തൊണ്ടവേദന, ഫ്ലൂ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടാം. തുടർച്ചയായ ഇൻഫെക്‌ഷനുകൾ, ശരീരഭാരം കുറയുക, ഇടുപ്പു വേദന, വരണ്ട ചുമ, ശരീര വേദന, ഓക്കാനം, ഛർദ്ദി, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ചര്‍മ്മത്തില്‍ പാടുകള്‍ ഇവയെല്ലാം കാണപ്പെടാം.
എയ്ഡ്സ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ആന്റി റിട്രോവൈറല്‍ തെറാപ്പി (ART – Antiretroviral therapy), എച്ച്ഐവി മരുന്നുകള്‍ എന്നിവ ചികിത്സകളില്‍ ഉള്‍പ്പെടുന്നു. ഈ രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്താനാവില്ല. എന്നാല്‍ രോഗം പിടിപെടുന്നത് തടയാന്‍ ഒരാള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സ്വീകരിക്കേണ്ട ചില സംരക്ഷണ മാര്‍ഗങ്ങളുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുമ്പോൾ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുക, സൂചികള്‍, ബ്ലേഡുകള്‍ മുതലായവ മറ്റുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക തുടങ്ങിയവ എച്ച്.ഐ.വി എയ്ഡ്‌സിനെതിരായ പ്രതിരോധ നടപടികളില്‍ ഉള്‍പ്പെടുന്നു.
Thiruvananthapuram,Kerala
December 01, 2024 9:27 AM IST